നാരാണ്‍പേട്ട (തെലങ്കാന): കാണാതായ കുഞ്ഞിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്താനായത് ഫുട്‌ബോള്‍ സെലക്ഷനിടെ. മുഹമ്മദ് ധാനിഷ്(15) എന്ന കുട്ടിയാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ വച്ച് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ന്ന കുട്ടിയ്‌ക്ക് വീട്ടിലേയ്‌ക്കുള്ള മടക്കം സാധ്യമായത് അണ്ടര്‍ 15 ദേശീയ ഫുട്‌ബോള്‍ ടീം സെലക്ഷനിടെ.
2014 ഡിസംബര്‍ 16ന് ആറ് വയസുള്ളപ്പോഴാണ് മുഹമ്മദ് ധാനിഷ് തെളിവുകള്‍ അവശേഷിപ്പിക്കാതെ വീട് വിട്ട് പോകുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ യാത്ര ചെയ്‌ത് കുട്ടി മുംബൈയില്‍ എത്തിപ്പെട്ടു.
അനാഥമായി കാണപ്പെട്ട കുട്ടിയെ അധികൃതര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്‌തിരുന്നു. നിലവില്‍ ധാനിഷ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതിനെ തുടര്‍ന്ന് ധാനിഷിന് അണ്ടര്‍ 15 ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയിരുന്നു.
തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ അധികൃതര്‍ ധാനിഷിന്‍റെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ആധാര്‍ കാര്‍ഡിലെ യഥാര്‍ഥ വിവരം പുറത്ത് വരുന്നത്. തെലങ്കാനയിലെ നാരായണ്‍പേട്ട സ്വദേശികളായ മുഹമ്മദ് മൊയിസ് ഷബാന ദമ്പതികളുടെ മകനാണ് ധാനിഷെന്ന് ആധാര്‍ കാര്‍ഡില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് സെലക്ഷനെത്തിയ അധികൃതര്‍ നാരായണ്‍പേട്ട് അധികൃതരുമായി ബന്ധപ്പെടുകയും ധാനിഷിന്‍റെ മാതാപിതാക്കളെ വിവരറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കള്‍ മുംബൈയിലെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി ധാനിഷുമായി തിരികെ വീട്ടിലെത്തി.