ന്യൂഡല്‍ഹി : മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍ത്തലാക്കിയ പാര്‍ലമെന്‍ററി ബോര്‍ഡ് കോണ്‍ഗ്രസ് പുനഃസ്ഥാപിച്ചേക്കുമെന്ന് സൂചന. ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിറില്‍ പാര്‍ലമെന്‍ററി ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജി 23 നേതാക്കള്‍ ഉന്നയിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന് ചിന്തന്‍ ശിബിറില്‍ കരട് സംഘടനാകാര്യ പ്രമേയം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
ഇത് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ പാർലമെന്ററി ബോർഡ് കോൺഗ്രസ് പ്രസിഡന്‍റിന്‍റെ അധികാരം കുറയ്ക്കുമെന്ന രീതിയിലാണ് കാണുന്നതെന്നും അതിനാല്‍ ശുപാര്‍ശ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അംഗീകരിക്കാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ തീരുമാനമെടുക്കുന്ന പരമോന്നത വേദിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി.
കോൺഗ്രസ് പ്രസിഡന്‍റും സഭാകക്ഷി നേതാവും ഉള്‍പ്പടെ ഒമ്പത് അംഗങ്ങള്‍ അടങ്ങിയിരുന്നതാണ് പാർലമെന്‍ററി ബോർഡ്. പാര്‍ലമെന്‍ററി ബോർഡിന്‍റെ ചെയർമാന്‍/ചെയര്‍പേഴ്‌സണ്‍ കോൺഗ്രസ് പ്രസിഡന്‍റാണ്. 1991ല്‍ പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് പാര്‍ലമെന്‍ററി ബോര്‍ഡ് നിര്‍ത്തലാക്കിയത്.
ബോര്‍ഡ് രൂപീകരിച്ചാല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാകും. നിലവില്‍ തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. കോണ്‍ഗ്രസിലെ ജി 23 സംഘം കുറേക്കാലമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗാന്ധി കുടുംബവുമായി അടുപ്പമുള്ള നേതാക്കള്‍ ഇതിനെ എതിര്‍ക്കുകയാണ്.