വാഷിങ്‌ടണ്‍: താഴ്‌ന്നതും ഇടത്തരം വരുമാനമുള്ളതുമായ പല രാജ്യങ്ങളുടെയും കടക്കെണി വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് ജി20 അംഗീകാരം നല്‍കുന്നുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിര്‍മല സീതാരാമനും ഐഎംഎഫിന്‍റെയും ലോക ബാങ്കിന്‍റെയും വിവിധ രാജ്യങ്ങളുടെയും പ്രതിനിധികളും വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്‌തതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് കീഴിലാണ് ചര്‍ച്ചകള്‍ നടന്നത്.
കടബാധ്യത തീര്‍ക്കുന്നതിന് സമയമെടുക്കുമെന്ന് ഐഎംഎഫ്: ശ്രീലങ്കന്‍ പ്രസിഡന്‍റും ധനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ, ജപ്പാന്‍ ധനമന്ത്രി ഷുനിച്ചി സുസുക്കി, ഫ്രാന്‍സിന്‍റെ ട്രഷറി ഡയറക്‌ടര്‍ ജനറല്‍ ഇമ്മാനുവല്‍ മൗലിന്‍, ശ്രീലങ്കയുടെ ധനകാര്യ സഹമന്ത്രി ഷെഹാൻ സെമസിംഗെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കടബാധ്യത നേരിടുന്ന ശ്രീലങ്ക, സാംബിയ, ഘാന, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു ചർച്ചയിലെ പ്രധാന അംഗങ്ങള്‍. ഉയര്‍ന്ന് വരുന്ന ആഗോള കടബാധ്യതകള്‍ക്ക് ഇടയിലും രാജ്യങ്ങളിലെ കടബാധ്യത പരിഹരിക്കുന്നതിനായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് നിര്‍മല സീതാരാമാന്‍ നിര്‍ദേശം നല്‍കി. അതേസമയം കടം പരിഹരിക്കുന്നതിനായി ഏകദേശം ഒന്നര വര്‍ഷം മുമ്പ് അന്താരാഷ്‌ട്ര നാണയ നിധി (ഐംഎംഎഫ്)യില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും സാംബിയ അറിയിച്ചു. എന്നാല്‍ ഇത് വളരെയധികം സമയമെടുക്കുന്ന പ്രക്രിയയാണെന്നും അക്കാര്യങ്ങളിലെല്ലാം നടപടി തുടരുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി.
Also Read: അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങളെ പൂട്ടാൻ കർശന പരിശോധനയുമായി എംവിഡി
നേരത്തെ തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ പരിഹരിക്കാം: കടക്കെണി അനുഭവിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുന്നതായി മന്ത്രി പറഞ്ഞു. ചൈനയ്‌ക്ക് പോലും ഇത്തരത്തിലുള്ള കടക്കെണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കടക്കെണിയെ കുറിച്ച് വളരെ നേരത്തെ തന്നെ അവബോധമുണ്ടാകുകയും അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌താല്‍ വേഗത്തില്‍ തന്നെ അത്തരം സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പോസിറ്റീവായ യോഗമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍: ഐഎംഎഫും ലോകബാങ്കും ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന യോഗത്തില്‍ തികച്ചും പോസിറ്റീവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്‌തതെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. കട ബാധ്യത നേരിടുന്ന രാജ്യങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ലോകബാങ്കിന്‍റെയും ഐഎംഎഫിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 10നാണ് ലോക ബാങ്ക്, ഐഎംഎഫ്, മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി യുഎസിലേക്ക് പോയത്. ഏപ്രില്‍ 10 മുതല്‍ ആരംഭിച്ച ചര്‍ച്ച ഏപ്രില്‍ 16 വരെ തുടരും. വാഷിങ്‌ടണ്‍ ഐഎംഎഫ് ആസ്ഥാനത്താണ് ലോമെമ്പാടുമുള്ള ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരുമായി ധനമന്ത്രി ചര്‍ച്ച നടത്തിയത്.