ലഖ്‌നൗ : ഉത്തർപ്രദേശിൽ വ്യോമസേന വിമാനത്തിന്‍റെ ഇന്ധന ടാങ്കുകൾ വയലിലേയ്‌ക്ക് വീണത് (Fuel Tanks Fell From IAF Plane) ആശങ്ക പരത്തി. ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയർഫോഴ്‌സ് (Bakshi Ka Talab Air Force ) സ്‌റ്റേഷൻ പരിസരത്ത് ഇന്നലെയാണ് (25.10.2023) ടാങ്കുകൾ നിലം പതിച്ചത്. സ്‌ഫോടനം വരെ സംഭവിക്കാവുന്ന സാഹചര്യമായിരുന്നെങ്കിലും ആളപായം ഒഴിവായി. ജനവാസമേഖലയിൽ നിന്നും 200 മീറ്റർ അകലെയാണ് അപകടം നടന്നത്.
എയർഫോഴ്‌സ് ബേസ് സ്‌റ്റേഷനിലെ റോബോട്ടിക് വിമാനത്തിന്‍റെ സ്ഥിരം പരിശീലനത്തിനിടെ സിസ്‌റ്റത്തിലുണ്ടായ തകരാർ മൂലമാണ് അപകടം നടന്നത്. ഇന്ധന ടാങ്കുകൾ വീണ വയലിൽ ആരും തന്നെ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും അപകടത്തിൽ ആർക്കും ഒരു തരത്തിലുമുള്ള അപായം സംഭവിച്ചിട്ടില്ലെന്നും വ്യോമസേന പ്രസ്‌താവനയിലൂടെ അറിയിച്ചു. ആദ്യമായാണ് ബക്ഷി കാ തലാബ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ ഇത്തരമൊരു അപകടം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതായും കേടുപാടുകൾ സംഭവിച്ച ടാങ്കുകൾ സിവിൽ പൊലീസുമായി സഹകരിച്ച് ഇന്ത്യൻ എയർഫോഴ്‌സിന്‍റെ തെരച്ചിൽ സംഘം വീണ്ടെടുത്തതായും വ്യോമസേന അറിയിച്ചു. ഗാസിപൂർ ഗ്രാമത്തിൽ വിമാനം പറക്കുന്നതിനിടെ ഇന്ധന ടാങ്കുകൾ വലിയ ശബ്‌ദത്തോടെ വയലിൽ വീഴുന്നത് നാട്ടുകാരാണ് കണ്ടത്. ശേഷം ടാങ്ക് തകർന്ന് വയലിൽ ഇന്ധനം പടരുന്നതായി കണ്ടതോടെ പരിഭ്രാന്തരായതായി നാട്ടുകാർ പറഞ്ഞു. ശേഷം പൊലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
സാങ്കേതിക തകരാർ മൂലം വ്യോമസേന വിമാനം താഴെയിറക്കി : ഈ മാസം ആദ്യം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കിയിരുന്നു. ആറ് പേരുമായി പറന്ന ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ധ്രുവ് എന്ന അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഗ്രാമത്തിൽ സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയത് (IAF Aircraft made an emergency landing in Bhopal). പൈലറ്റും അഞ്ച് ക്രൂ അംഗങ്ങളും സുരക്ഷിതരായിരുന്നു.
ഭോപ്പാൽ ജില്ല ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ ദുംഗരിയ ഗ്രാമത്തിലെ തടാകത്തിന് സമീപമുള്ള കരിമ്പ് തോട്ടത്തിലാണ് ഐഎഎഫിന്‍റെ III എച്ച്‌യു യൂണിറ്റിന്‍റെ വിമാനം അടിയന്തരമായി ഇറക്കിയത്. ഭോപ്പാലിൽ നിന്ന് ഝാൻസിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുണ്ടാവുകയായിരുന്നു.