കൊച്ചി : രാജ്യത്ത് ഇന്ധന വില ബുധനാഴ്ചയും കൂടും. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാചര്യത്തിലാണിതെന്നാണ് വിശദീകരണം. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും ഉയരാനാണ് സാധ്യത. ചൊവ്വാഴ്ച (22.03.2022) ഇന്ധനവില കൂടിയിരുന്നു. പെട്രോളിന് 80 പൈസയും ഡീസലിന് 85 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്.
വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വിലയും കൂടി. 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. എണ്ണക്കമ്പനികള്‍ക്ക് എല്ലാദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ അനുമതി ലഭിച്ച ശേഷം വില നിര്‍ബാധം ഉയരുകയാണ്. ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വില പതുക്കെ ഉയര്‍ത്തി പരമാവധി ലാഭം നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എണ്ണവില ഉയര്‍ന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വില ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ എണ്ണവില മരവിപ്പിച്ച സമയത്ത് 82 ഡോളറായിരുന്നു ക്രൂഡ് ഓയിലിന് ആഗോള മാര്‍ക്കറ്റില്‍ വില.
Also Read: രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം
എന്നാല്‍ യുക്രൈന്‍ റഷ്യ യുദ്ധം അടക്കം നടക്കുന്ന സാഹചര്യത്തില്‍ 118 ഡോറളായി വില ഉയര്‍ന്നു. ഇത് കമ്പനികളുടെ ലാഭത്തില്‍ കുറവ് വരുത്തും. ഇത് തിരിച്ച് പിടിക്കാനായി വരും ദിവസങ്ങളിലും വിലകൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രിയുമായുള്ള യോഗം പുരോഗമിക്കുന്നുണ്ട്. ഇന്ധനവില അനിയന്ത്രിതമായി ഉയരുന്നത് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിന് കാരണമാകും.
അതിനൊപ്പം ഗാര്‍ഹിക പാചക വാതകത്തിന് കൂടി വില കൂടിയതേടെ സാധാരണക്കാരന്‍റെ ജീവിതം കൂടുതല്‍ ദുസ്സഹമാകും എന്ന കാര്യം ഉറപ്പായിട്ടുണ്ടെന്നും ജനം പറയുന്നു.