ലക്നൗ: കൊവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതി 2,000 കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്ന വാരാണസിയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ചത് 26 കൊവിഡ് കേസുകൾ മാത്രം. രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമായി ബാധിച്ചതിൽ വാരാണസിയും വലിയ രീതിയിലുള്ള നഷ്ടങ്ങൾ നേരിട്ടിരുന്നു. രോഗികൾ ക്രമാതീതമായി പെരുകുകയും മരണപ്പെട്ടവരുടെ ശവസംസ്കാരത്തിന് പോലും തിരക്ക് അനുഭവപ്പെടുകയും ചെയ്തത് വാരാണസിയിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചിരുന്നു.
തിരിച്ചു പിടിച്ച് വാരാണസി
ഏപ്രിൽ ആദ്യ വാരം മുതൽ 20ാം തീയതി വരെ കേസുകൾ പ്രതിദിനം 200ൽ നിന്ന് 2,000 ആയി ഉയർന്നതായി വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വാരാണസി അതിവേഗം കൊവിഡ് തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ മഹാമാരിയിൽ ഓക്സിജന്‍റെ ആവശ്യകത വളരെ വലുതായിരുന്നെന്നും ശർമ പറഞ്ഞു.
സമീപ ജില്ലകളിൽ നിന്നാണ് വാരണാസി ഭരണകൂടം ചികിത്സക്ക് ആവശ്യമായ ഓക്സിജൻ എത്തിച്ചത്. ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും മെഡിസിൻ ഓക്സിജൻ വിതരണം സാധ്യമാക്കി ഗ്രാമങ്ങളിൽ മാത്രം 1.80 ലക്ഷം ആളുകൾക്ക് ഓക്സിജൻ എത്തിക്കാനായതായും ശർമ പറഞ്ഞു.
മാർച്ച് ആദ്യ വാരത്തിൽ 400 കിടക്കകളുണ്ടായിരുന്ന വാരാണസിയിൺ ഏപ്രിൽ 20 വരെ 1,700 കിടക്കകളും ഏപ്രിൽ 30 ന് 2,500 കിടക്കകളും ഭരണകൂടം ക്രമീകരിച്ചു, വാരാണസി ഭരണകൂടം ഒരു സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററും സ്ഥാപിച്ചിരുന്നു. വെന്‍റിലേറ്ററുകൾ, എച്ച്എഫ്എൻസി മെഷീനുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവ സംഭരിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായും കൗശൽ രാജ് ശർമ പറഞ്ഞു.
Also read: ജൂലൈയിൽ 22 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം
പ്രധാനമന്ത്രിയുടെ അഭിനന്ദനം
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം വീഡിയോ കോൺഫറൻസിലൂടെ തന്‍റെ പാർലമെന്‍ററി മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും വാരാണസിയിലെ ഇന്‍റഗ്രേറ്റഡ് കൊവിഡ് കമാൻഡ് സിസ്റ്റത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളാക്കി തിരിച്ച് പ്രവർത്തനത്തെയും വീടുകളിൽ നേരിട്ടെത്തിയുള്ള മരുന്നുകളുടെ വിതരണത്തെയും മോദി അഭിനന്ദിച്ചു.
നഗരത്തിൽ അതിവേഗം കുറഞ്ഞ സമയത്തിനുള്ളിൽ ഓക്സിജന്‍റെയും ഐസിയു കിടക്കകളുടെയും എണ്ണം വർദ്ധിച്ചതിനെ മോദി പ്രശംസിച്ചു. വിനാശകരമായ കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നഗര ഭരണത്തെ സഹായിക്കാൻ ധാരാളം ആളുകൾ മുന്നോട്ട് വന്നതായും മോദി പറഞ്ഞിരുന്നു.
Also read: കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം