കൊൽക്കത്ത: ഒരു പക്ഷിയും പ്രതിമയും തമ്മിലുള്ള നിഷ്‌കളങ്കമായ പ്രണയത്തിനെ കുറിച്ച് പറയുന്ന വായനക്കാരുടെ ഹൃദയം തൊട്ട കഥയാണ് ഓസ്‌കർ വൈൽഡിന്‍റെ 'ദി ഹാപ്പി പ്രിൻസ്'. എന്നാൽ ജീവിതത്തിൽ സമാനമായൊരു കഥയുള്ള ഒരു പെൺകുട്ടിയുണ്ട് പശ്ചിമ ബംഗാളിലെ കാങ്ക്‌സ ഗ്രാമത്തിൽ. ശിവപൂർ പ്രൈമറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി അങ്കിത ബാഗ്‌ദി. അങ്കിതയ്‌ക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ട് സ്‌കൂളിൽ. മിഥു...
അങ്കിത പേരിട്ട് വളർത്തുന്ന ഓമനത്തമുള്ള ഒരു മൈനയാണ് മിഥു. ക്ലാസ് മുറിയിലെ ബെഞ്ചിൽ അങ്കിതയുടെ ചുമലിലും തലയിലും പറ്റിച്ചേർന്നിരുന്ന് ഒരു കുഞ്ഞ് വിദ്യാർഥിയെ പോലെ മിഥു ക്ലാസുകൾ കേൾക്കും. മിഥു ഒരു സാധാരണ പക്ഷിയല്ല. ക്ലാസ് മുറികളിലെ ബഹളങ്ങളോ, ബെൽ ശബ്‌ദമോ ഒന്നും ഭയപ്പെടാതെ അവരിൽ ഒരാളായി മിഥു അങ്കിതയ്‌ക്കൊപ്പം ചെലവഴിക്കും.
ഉച്ചസമയത്ത് അങ്കിത ഭക്ഷണപാത്രം തുറക്കുമ്പോൾ ഒരു പങ്ക് മിഥുവിനും നൽകും. ഒരു കയ്യിൽ നിന്ന് മറ്റൊരു കയ്യിലേയ്‌ക്ക് ചാടി കളിച്ച് ബിസ്‌കറ്റും മറ്റു ഭക്ഷണങ്ങളും അവൾ കൊത്തിയെടുക്കും. എനിക്ക് മിഥുവിനെ വളരെ ഇഷ്‌ടമാണ്. മിഥുവിന് എന്നെയും. എന്നും കൃത്യസമയത്ത് മിഥു സ്‌കൂളിലെത്തും സ്‌കൂൾ കഴിഞ്ഞാൽ അവൾ അവളുടെ മരത്തണലിലേയ്‌ക്ക് മടങ്ങും താൻ സ്‌കൂളിലെത്താത്ത ദിവസങ്ങളിൽ എന്നെ തേടി മിഥു വീട്ടിലേക്ക് വരുമെന്നും അങ്കിത ഇടിവി ഭാരതിനോട് പറഞ്ഞു.
അടുപ്പം അങ്കിതയോട് മാത്രം: ഈ കുഞ്ഞു പെൺകുട്ടിയും പക്ഷിയും തമ്മിലുള്ള ബന്ധത്തെ അത്ഭുതത്തോടെയാണ് സ്‌കൂളിലെ മറ്റ് സഹപാഠികളും അധ്യാപകരും കാണുന്നത്. മിഥുവിന് ഇഷ്‌ട കൂടുതൽ അങ്കിതയോടാണെങ്കിലും എല്ലാവർക്കും മിഥു പ്രിയപ്പെട്ടവളാണ്. പലരും പ്രിയം കാരണം അടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവൾ അങ്കിതയോട് മാത്രമാണ് അടുപ്പം കാണിച്ചിട്ടുള്ളത്.
പക്ഷിയെ കാണാത്ത ദിവസങ്ങളിൽ അസ്വസ്ഥത തോന്നാറുണ്ടെന്നാണ് അധ്യാപകരുടെ പ്രതികരണം. അഭേദ്യമായ ഇരുവരുടെയും സൗഹൃദം ഓസ്‌കർ വൈൽഡിന്‍റെ ദി ഹാപ്പി പ്രിൻസ് കഥയെ ഓർമപ്പെടുത്തുന്നതാണ്. സ്‌നേഹം എന്ന വികാരം ഭാഷയേയും രക്തബന്ധങ്ങളെയും മറികടന്ന് സഞ്ചരിക്കുന്ന അതിമനോഹരമായ ഒരു കൂട്ടുകെട്ടാണ് മിഥുവും അങ്കിതയും പങ്കിടുന്നത്.
ഓസ്‌കർ വൈൽഡിന്‍റെ 'ദി ഹാപ്പി പ്രിൻസ്': യൂറോപ്പിൽ വളരെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ട ഹാപ്പി പ്രിൻസ് എന്ന രാജകുമാരന്‍റെ പ്രതിമയും ഒരു മീവൽ പക്ഷിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്‍റെ കഥയാണ് ഹാപ്പി പ്രിൻസ്. സ്വർണത്തിൽ പണിത പടച്ചട്ടകളും ഇന്ദ്രനീലക്കണ്ണുകളും വാളിൽ പത്മരാഗക്കല്ലുകളും ഉള്ള സുന്ദരമായ ഒരു പ്രതിമയാണ് രാജകുമാരന്‍റേത്. ഒരിക്കൽ ആ നഗരത്തിലൂടെ പറന്ന മീവൽ ദേശാടനക്കിളി രാജകുമാരന്‍റെ പ്രതിമയ്‌ക്ക് കീഴിൽ അന്തിയുറങ്ങുകയും ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നതുമാണ് കഥയുടെ പശ്ചാത്തലം.
പിന്നീട് ആ രാജ്യത്തെ ദരിദ്രർക്ക് വേണ്ടി തന്‍റെ പ്രതിമയിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ ദാനം ചെയ്യാൻ കിളിയുടെ സഹായം രാജകുമാരൻ തേടും. ഒടുവിൽ കാഴ്‌ചയുൾപ്പടെ എല്ലാം നഷ്‌ടപ്പെട്ട പ്രതിമയ്‌ക്ക് ദേശാടനക്കിളി കൂട്ടിരിക്കുകയും അതിശൈത്യത്തിൽ മരണപ്പെടുന്നതുമാണ് ഹാപ്പി പ്രിൻസ് എന്ന ചെറുകഥ.