ഭോപ്പാൽ: കാമുകിയുമായി രഹസ്യബന്ധം ആരോപിച്ച് സുഹൃത്തിനെ കൊന്ന് സ്വന്തം മുറില്‍ കുഴിച്ചിട്ടു. ഏഴ് മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പൊലീസ്. ടി.ടി നഗര്‍ സ്വദേശി ശിവയേയാണ് സുഹൃത്ത് ഷംഷീര്‍ തകര്‍ക്കത്തിനിടെ കൊലപ്പെടുത്തിയത്.
2021 ഒക്‌ടോബറിലാണ് കേസിനാസ്‌പതമായ സംഭവം. തന്‍റെ കാമുകിയുമായി മരിച്ച ശിവയ്‌ക്ക് രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഷംഷീറും ശിവയും തര്‍ക്കത്തിലേര്‍പ്പെടുകയും തര്‍ക്കത്തിനിടെ ഷംഷീര്‍ ശിവയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സ്വന്തം മുറിയില്‍ കുഴിച്ചിട്ടു.
ശിവയുടെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പിന്നീട് ഏഴ് മാസത്തിന് ശേഷം ഷംഷീറിന് സംഭവിച്ച ഒരു നാക്കുപിഴയാണ് കേസില്‍ വഴിത്തിരിവായത്. ഷംഷീറും കാമുകിയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാമുകിയോട് ശിവയെ കൊന്ന് കുഴിച്ചു മൂടിയത് പോലെ നിന്നെയും ഇല്ലാതാക്കുമെന്ന ഷംഷീറിന്‍റെ വെളിപ്പെടുത്താലാണ് കേസില്‍ നിര്‍ണായകമായത്.
ഷംഷീറിന്‍റെ വെളിപ്പെടുത്തല്‍ കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ പൊലീസെത്തി ഷംഷീറിനെയും കാമുകിയേയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ഷംഷീറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പുറത്തെടുത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഡെപ്യുട്ടി കമ്മിഷണര്‍ സായി കൃഷ്‌ണ പറഞ്ഞു.