ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗവും അതുമൂലം ഓക്‌സിജൻ ക്ഷാമവും കിടക്കകളുടെ അഭാവവും നേരിടുന്ന ഇന്ത്യയ്‌ക്ക് സഹായഹസ്‌തവുമായി ഫ്രാൻസ്. ഉയർന്ന ശേഷിയുള്ള എട്ട് ഓക്‌സിജൻ ജനറേറ്ററുകളും 2000 രോഗികൾക്ക് അഞ്ച് ദിവസത്തേക്ക് ആവശ്യമായ 28 വെന്‍റിലേറ്ററുകളും ഐസിയു ഉപകരണങ്ങളും നൽകാമെന്നാണ് ഫ്രാൻസിന്‍റെ സഹായ വാഗ്‌ദാനം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് വേണ്ടി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്‌ൻ തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഫ്രാൻസ് എംബസി വഴി കടൽ, വിമാനം എന്നീ മാർഗങ്ങളിലൂടെ ഈ ആഴ്‌ച അവസാനത്തോടെ സഹായം എത്തിക്കുമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ ഓക്‌സിജൻ ജനറേറ്ററുകളിൽ ഓക്‌സിജൻ സിലിണ്ടർ നിറയ്‌ക്കുന്നതിന് ആവശ്യമായ റാമ്പുകളും ഉണ്ട്. രാജ്യത്ത് പ്രതിദിനം കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിന് പുറമെ ഇംഗ്ലണ്ട്, യു.എസ്, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്തയ്‌ക്ക് സഹായവുമായെത്തിയിരുന്നു.