ബറേലി (ഉത്തർപ്രദേശ്): ഒളിച്ച് കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറിയ നാല് വയസുകാരി ശ്വാസം മുട്ടി മരിച്ചു. ബറേലി ജില്ലയിലെ ബിഷ്രത്‌ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭഗവന്ത്‌പൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. കരാർ തൊഴിലാളിയും ഭഗവന്ത്പൂർ ഗ്രാമത്തിലെ താമസക്കാരനുമായ കുൻവർ സെന്നിന്‍റെ മകൾ മധുവാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
സംഭവ ദിവസം മധു വീടിന് പുറത്ത് കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ഒളിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ വീടിന് മുന്നിൽ മൂടിയിട്ടിരുന്ന കാറിനുള്ളിൽ മധു ഒളിക്കാനായി കയറി. കാർ മൂടിയിട്ടിരുന്നതിനാൽ തന്നെ കുട്ടിയെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ ഏറെ നേരം കഴിഞ്ഞിട്ടും മധു വീട്ടിൽ തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ അന്വേഷിച്ച് തുടങ്ങിയത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലും മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പിതാവ് കാറിന്‍റെ കവർ ഊരി മാറ്റിയതോടെ അബോധാവസ്ഥയിൽ ബാലികയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാർ തുറന്ന് കുട്ടിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം കുട്ടി കാറിനുള്ളിൽ കയറിയ ഉടനെ കാർ ലോക്ക് ആവുകയും ലോക്ക് തുറക്കാനാകാത്തതിനെ തുടർന്ന് കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബിഷ്രത്‌ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാർ കയറി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം: ബുധനാഴ്‌ച ശരീരത്തിലൂടെ കാർ കയറിയിറങ്ങി പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരി കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിലെ ഹയാത്ത്‌നഗർ ലെക്‌ചറേഴ്‌സ് കോളനിയിലെ അപ്പാർട്ട്‌മെന്‍റിലാണ് അപകടമുണ്ടായത്. കർണാടക സ്വദേശിനിയായ ലക്ഷ്‌മിയാണ് മരിച്ചത്.
കൂലിപ്പണിക്കാരിയായ കുഞ്ഞിന്‍റെ അമ്മ അപ്പാർട്ട്‌മെന്‍റിൽ ജോലിക്ക് വന്ന സമയത്ത് കുഞ്ഞിനെ പാർക്കിങ് ഗ്രൗണ്ടിൽ ഉറക്കിക്കിടത്തുകയായിരുന്നു. തുണികൊണ്ട് മറച്ചാണ് കുട്ടിയെ കിടത്തിയിരുന്നത്. ശേഷം ഇവർ തൊട്ടടുത്ത കെട്ടിടത്തിൽ ജോലിക്ക് പോവുകയായിരുന്നു.
ഇതിനിടെ ഇതേ അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന എക്‌സൈസ് സബ് ഇൻസ്‌പെക്‌ടറുടെ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിലൂടെ അബദ്ധത്തിൽ കയറി ഇറങ്ങുകയായിരുന്നു. കുട്ടിയെ തുണികൊണ്ട് മറച്ചിരുന്നതിനാൽ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് കാർ ഓടിച്ചിരുന്നയാൾ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കല്ല് തലയിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു: കഴിഞ്ഞ മാസം തെലങ്കാനയിലെ ഹുസ്‌നാബാദിൽ മേൽക്കുരയിൽ സ്ഥാപിച്ചിരുന്ന കല്ല് തലയിൽ വീണ് രണ്ടര വയസുകാരൻ മരണപ്പെട്ടിരുന്നു. കട്‌കൂർ സ്വദേശികളായ ദേവുനൂരി ശ്രീകാന്ത്, രജിത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. മേൽക്കൂരയുടെ ഭാഗത്ത് സ്ഥാപിച്ചിരുന്ന മരക്കഷണം കാറ്റിൽ പറക്കാതിരിക്കാൻ വീട്ടുകാർ അതിന് മുകളിൽ വച്ചിരുന്ന കല്ലാണ് കുഞ്ഞിന്‍റെ തലയിലേക്ക് വീണത്.
ഇതിനിടെ സംഭവ ദിവസം ഭക്ഷണം തേടി ഇവരുടെ വീട്ടിനുള്ളിലേക്ക് കുരങ്ങുകൾ കയറിയിരുന്നു. ഇതിനിടെ ഓടിക്കാനായി രജിത മകനൊപ്പം അടുക്കളയിലേക്ക് ചെല്ലുകയും കുരങ്ങുകൾ ഓടി മാറുന്നതിനിടെ തടിക്കഷണത്തിന് മുകളിൽ വച്ച കല്ല് കുട്ടിയുടെ തലയിൽ പതിക്കുകയുമായിരുന്നു. കല്ല് തലയിൽ വീണ് അഭിനവ് തൽക്ഷണം മരണപ്പെടുകയായിരുന്നു.