ഹൈദരാബാദ്: തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സിങ്കരേനി കൊളീയെറീസ് കമ്പനി ലിമിറ്റഡിന്‍റെ (എസ്‌സിസിഎല്‍) മഞ്ചേരിയലിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. കൃഷ്‌ണ റെഡ്ഡി (59), ലക്ഷമയ്യ (60), ചന്ദ്രശേഖര്‍ (29), നരസിംഹ രാജു (30) എന്നിവരാണ് മരിച്ചത്.
ശ്രീരാംപൂര്‍ ഭാഗത്ത് മേൽക്കൂരയുടെ ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് എസ്‌സിസിഎൽ അധികൃതർ പറഞ്ഞു. തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. സംഭവത്തില്‍ എസ്‌സിസിഎൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എൻ ശ്രീധർ അനുശോചനം രേഖപ്പെടുത്തി.
അപകടത്തെ കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്‍ ശ്രീധര്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് 70 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നഷ്‌ടപരിഹാരം നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.