ബെംഗളൂരു: അധിക ജലം തമിഴ്‌നാട്ടിലേയ്‌ക്ക് തുറന്ന് വിട്ട് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ നാല് മാസമായി പെയ്‌തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ കാവേരി നദി കരകവിഞ്ഞൊഴുകിയതാണ് കാരണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷത്തിൽ സെപ്‌റ്റംബർ വരെ നല്‍കേണ്ടിയിരുന്ന 101 ഘനയടി ജലത്തിന് പകരം 416 ഘനയടി ജലമാണ് കര്‍ണാടക തുറന്നുവിട്ടത്.
എല്ലാ വർഷവും കൂടുതൽ ജലം വിട്ടുനല്‍കാന്‍ കേന്ദ്രസർക്കാരിലും സുപ്രീം കോടതിയിലും സമ്മർദം ചെലുത്തുന്ന തമിഴ്‌നാട് സർക്കാർ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ജലം തുറന്ന് വിട്ടതില്‍ മൗനം പാലിക്കുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിമര്‍ശിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള വര്‍ഷകാലത്തില്‍ ബിലിഗുണ്ട്‌ലൂ ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേയ്‌ക്ക് 177.25 ഘനയടി ജലം തുറന്ന് നല്‍കണമെന്ന് സുപ്രീം കോടതിയുടെ പരിഷ്‌കരിച്ച കാവേരി ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. എല്ലാ മാസവും എത്ര അളവ് ജലം തുറന്ന് വിടണമെന്ന് കോടതിയുടെ ഉത്തരവില്‍ കൃത്യമായി പരാമര്‍ശിക്കുന്നു.
തുറന്ന് വിട്ടത് മൂന്നിരട്ടി അധിക ജലം: കൂടാതെ, കാവേരി നദിയുടെ പരിപാലനത്തിനായി കേന്ദ്ര സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജല പരിപാലന സമിതിയും രൂപീകരിച്ചിരുന്നു. എല്ലാ മാസവും അളവിനനുസരിച്ച് ജലം വിതരണം ചെയ്യണമെന്ന് രേഖകളില്‍ പറയുന്നത് പ്രകാരം ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ മാസത്തിന്‍റെ പകുതി വരെ 101 ഘനയടി ജലമായിരുന്നു വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് 416 ഘനയടി ജലമാണ് തമിഴ്‌നാട്ടിലേയ്‌ക്ക് തുറന്ന് വിട്ടത്. അതായത്, മുന്‍ കൂട്ടി നിശ്‌ചയിച്ചതിനെക്കാള്‍ 315 അധിക ഘനയടി ജലമാണ് ഇത്തവണ തുറന്ന് വിട്ടത്.
ഓഗസ്റ്റ് മാസത്തില്‍ മാത്രം 226 ഘനയടി ജലമാണ് വിതരണം ചെയ്‌തത്. കോടതി ഉത്തരവ് പ്രകാരം ജൂണ്‍ മാസത്തില്‍ 9.19, ജൂലൈയില്‍ 31.24, ഓഗസ്റ്റില്‍ 45.95, സെപ്‌റ്റംബറിലെ രണ്ടാം ആഴ്‌ചയുടെ അവസാനം 14.70 ഘനടയടി ജലമായിരുന്നു വിതരണം ചെയ്യേണ്ടിയിരുന്നത്. ഇത് പ്രകാരം കൃത്യമായ അളവ് ജലം എല്ലാ മാസവും കര്‍ണാടക സര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കിയിരുന്നു.
പരാതിയില്ലാതെ തമിഴ്‌നാട്: എന്നാല്‍ ഈ വര്‍ഷം ജൂണില്‍ 7.27, ജൂലൈയില്‍ 75.69, ഓഗസ്റ്റില്‍ 177.62, സെപ്‌റ്റംബര്‍ മാസത്തിന്‍റെ പകുതിയില്‍ 54.99 അധിക ജലമാണ് തമിഴ്‌നാടിന് ലഭിച്ചത്. 2018 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ഉത്തരവ് പരിഷ്‌കരിച്ചത്. നിശ്‌ചയിച്ചതിലും അധിക ജലം ഈ വര്‍ഷം തമിഴ്‌നാടിന് ലഭിച്ചിരിക്കുന്നതിനാല്‍ ജലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഈ വര്‍ഷം വിരാമമായിരിക്കുകയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.
മഴ ലഭ്യത കുറവായ സമയങ്ങളില്‍ ജല വിതരണത്തെ ചൊല്ലിയുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തര്‍ക്കം കര്‍ണാടകയെ കുഴപ്പത്തിലാക്കുകയാണ് പതിവ്. എന്നാല്‍, ഈ വര്‍ഷം അധിക ജലം നല്‍കിയതിനാല്‍ കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടക സര്‍ക്കാരിന് വായ മൂടി കെട്ടേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്.