ജയ്പൂർ : ഒരു കുടുംബത്തിലെ നാല് പേർ ചേർന്ന് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ജയ്പൂരിലെ ട്രാൻസ്പോർട്ട് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സേത്തി കോളനിയിലാണ് രണ്ട് സ്ത്രീകളുൾപ്പടെ കുടുംബത്തിലെ നാലംഗങ്ങൾ ചേർന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചത്. മുരാരി ലാൽ മീണ എന്നയാളും കുടുംബവും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് ജ്വല്ലറി ഉടമയുടെ ആരോപണം.
ചിത്രകൂട് സ്വദേശിയായ ലഖ്വീർ സിങ് തൽവാറിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഗ്യാസ് കട്ടറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കടയുടെ പൂട്ട് തകര്‍ത്താണ് മോഷണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ലഖ്വീർ സിങ്ങിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ നാല് പേരെയും ചോദ്യം ചെയ്ത് തുടങ്ങി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.