ന്യൂഡൽഹി: മത്സരപരീക്ഷകൾക്കായി ഉദ്യോഗാർഥികളെ സഹായിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ നാല് പേർ പിടിയിൽ. പരീക്ഷകൾ ജയിപ്പിക്കാൻ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് സംഘം ആവശ്യപ്പെടുന്നത്. ഡൽഹിയില്‍ നടന്ന ഫോറസ്റ്റ് ഗാർഡ് തസ്‌തികയിലേക്കുള്ള പരീക്ഷയ്‌ക്കിടെ നടന്ന പരിശോധനയിൽ ഒരു ഉദ്യോഗാർഥിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ വഴി ഇയാൾ ചോദ്യത്തിന്‍റെ ഉത്തരങ്ങൾ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വൈശാലി, ലവ് കുമാർ, ഹിമാൻഷു, അനിൽ ശർമ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. ഉദ്യോഗാർഥികളെ സഹായിക്കുന്നതിനായി സംഘം പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാരെ വരെ സ്വാധീനിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.