കോയമ്പത്തൂർ : ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗിലെ (ഐഎഫ്‌ജിടിബി) മള്‍ട്ടി ടാസ്‌കിങ് തസ്‌തികയിലേക്ക് പരീക്ഷ എഴുതാൻ അപരന്മാരെ നിയോഗിച്ച നാല് പേര്‍ ഹരിയാനയില്‍ പിടിയിൽ. ആർ അമിത്കുമാർ, എസ് അമിത് കുമാർ, ആർ അമിത്, സുലൈമാൻ എന്നിവരാണ് അപരന്മാരെ എഴുത്ത് പരീക്ഷയ്ക്ക് വിട്ടത്. കേന്ദ്രസർക്കാരിന് കീഴിലുള്ള ഐഎഫ്‌ജിടിബി, ഫെബ്രുവരി 4 നാണ് അഞ്ച് മൾട്ടി ടാസ്‌കിംഗ് സ്‌റ്റാഫ് തസ്‌തികകളിലേക്ക് പരീക്ഷ നടത്തിയത്.
നിരവധി സുരക്ഷ ക്രമീകരണങ്ങളോടെ നടത്തിയ പരീക്ഷയിൽ, ആൾമാറാട്ടത്തിനുള്ള സാധ്യതകൾ ഒഴിവാക്കാൻ ഉദ്യോഗാർഥികളുടെ ദൃശ്യങ്ങളും തള്ളവിരലിന്‍റെ ഇംപ്രഷനുകളും ശേഖരിച്ചിരുന്നു. ഇതാണ് തട്ടിപ്പുകാരെ വലയിലാക്കാന്‍ സഹായകമായത്.
പിടിക്കപ്പെട്ടത് സർട്ടിഫിക്കറ്റ് പരിശോധനയിൽ : പരീക്ഷയിൽ വിജയിച്ചവരോട് തിങ്കളാഴ്ച സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ ഫോറസ്റ്റ് ജെനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വന്ന നാലുപേർ എഴുത്തുപരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്നും, എന്നാൽ അവരുടെ റോൾ നമ്പറുകളില്‍ അത്രയും പേര്‍ പരീക്ഷ എഴുതിയിട്ടുണ്ടെന്നും മാർക്ക് വന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ പകർത്തിയ ഉദ്യോഗാർഥികളുടെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് ഇക്കാര്യം അധികൃതര്‍ ഉറപ്പുവരുത്തിയത്.
തുടർ പരിശോധനയിൽ ഇവരുടെ തള്ളവിരൽ ഇംപ്രഷനുകൾ പരീക്ഷയെഴുതിയവരുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. ഇതോടെ വിവരം ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
Also Read: യുവാവിന്‍റെ വയറ്റില്‍ 56 ബ്ലേഡ് കഷ്‌ണങ്ങള്‍, ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍
സ്ഥാപനത്തിന്‍റെ പരാതിയിൽ സായിബാബ കോളനി പൊലീസ് സ്ഥലത്തെത്തി നാലുപേരെയും ചോദ്യം ചെയ്‌തു. തങ്ങൾക്കുപകരം പരീക്ഷയെഴുതാൻ ചിലരെ നിയോഗിച്ചതായി ഇവർ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ പി സി സെക്ഷൻ 419 ( വഞ്ചനയ്‌ക്കുള്ള ശിക്ഷ), 420 (വഞ്ചനയും സത്യസന്ധതയില്ലാത്ത കൈമാറ്റങ്ങളും), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്‌ക്കൽ), 471 (യഥാർഥ രേഖ ഉപയോഗിച്ച് വ്യാജ രേഖ നിർമിക്കുക) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നാലുപേരെയും അറസ്‌റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തതായി അന്വേഷണ സംഘം അറിയിച്ചു.
വ്യാജ ആഭരണങ്ങൾ പണയംവച്ച് തട്ടിപ്പ്: വ്യാജ ആഭരണങ്ങൾ പണയംവച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. സേലം ആത്തൂരിലെ സ്വകാര്യ ബാങ്കിൽ നടത്തിയ തട്ടിപ്പിൽ വിഴുപ്പുരം ഉളുന്തൂർപ്പേട്ടയിലെ നാരായണൻ (36), പെരമ്പലൂർ അമ്പാവൂരിലെ ധനരാജ് (36) എന്നിവർക്കെതിരെയാണ് പൊലീസ് കേസ്. നാലുവളകൾ പണയംവച്ച് 80,000 രൂപയും അക്കൗണ്ടിൽനിന്ന് 1.55 ലക്ഷം രൂപ വായ്‌പയും തട്ടിയെന്നാണ് പരാതി. ധൻരാജിന് ബാങ്കിൽ അക്കൗണ്ട് എടുത്തുകൊടുത്തത് നാരായണനാണ്. പിന്നീട് ഇരുവരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തത്.
Also Read: ഓസ്‌കർ അവതാരകന് നാക്ക് പിഴച്ചു; 'ആർആർആർ'നെ ബോളിവുഡ് സിനിമ എന്നു വിളിച്ച് ജിമ്മി കിമ്മല്‍
എന്നാൽ പണയംവച്ച വളകൾ വ്യാജമാണെന്ന് കണ്ടുപിടിച്ചതോടെ ബാങ്ക് മാനേജർ ലക്ഷ്‌മി പതി, നാരായണൻ, ധനരാജ് എന്നിവർക്കെതിരെ ആത്തൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.