ജയ്‌പൂര്‍ : രാജസ്ഥാനിലെ രാജ്‌സമന്ദില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. അമേത് ഗ്രാമത്തിലെ താമസക്കാരനായ ദേവലാല്‍ ബഗാരിയയുടെ മക്കളായ ലക്ഷ്‌മി (9), സക്കീന(11) എന്നിവരും ദേവലാലിന്‍റെ സഹോദരനായ ജഗദീഷ് ബഗാരിയയുടെ മക്കളായ സുരേഷ് (8), ലാസ (9) എന്നിവരുമാണ് മരിച്ചത്.
വ്യാഴാഴ്‌ച ഉച്ചയോടെയാണ് കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയ കുട്ടികള്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴക്കാലം തുടങ്ങിയതോടെ കുളത്തിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കേരളത്തിലും സമാന സംഭവം: എറണാകുളം പറവൂരിലെ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചത് അടുത്തിടെയാണ്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പല്ലംതുരുത്ത് മരോട്ടിക്കല്‍ ബിജുവിന്‍റെയും കവിതയുടെയും മകള്‍ ശ്രീവേദ (10), കവിതയുടെ സഹോദര പുത്രന്‍റെ മകന്‍ അഭിനവ് (13), കവിതയുടെ സഹോദരി പുത്രന്‍ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിലെത്തിയ കുട്ടികള്‍ വീട്ടുകാര്‍ അറിയാതെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മൂവര്‍ക്കും നീന്തല്‍ അറിയാമെങ്കിലും അപകടത്തില്‍പ്പെടുകയായിരുന്നു. തട്ടുകടവ് പാലത്തിന് താഴെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പാലത്തിന് താഴെയായത് കൊണ്ട് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഏറെ നേരം കുട്ടികളെ കാണാതിരുന്നതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് കരയില്‍ കുട്ടികളും ചെരിപ്പും വസ്‌ത്രങ്ങളുമെല്ലാം കണ്ടെത്തിയത്. പുഴയില്‍ ഒഴുക്ക് കൂടുതലുള്ള ഭാഗത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. ആഴമേറിയ സ്ഥലമായതുകൊണ്ട് തന്നെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒഴുക്ക് കൂടിയ ഈ സ്ഥലത്ത് ആരും ഇറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയെ കുറിച്ച് അറിയാതെ വെള്ളത്തിലിറങ്ങിയതാണ് അപകടത്തിന് കാരണമായത്.
നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങി മരണം : ഇടുക്കി നെടുങ്കണ്ടത്ത് കൂട്ടുകാര്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാറത്തോട് സ്വദേശിയായ ഹാര്‍വിനാണ് (13) മരിച്ചത്. മേട്ടകിയിലെ ഏലത്തോട്ടത്തിലെ കുളത്തില്‍ സഹോദരിക്കും സഹോദരിയുടെ കൂട്ടുകാരികള്‍ക്കുമൊപ്പം നീന്തല്‍ പഠിക്കാനെത്തിയപ്പോഴാണ് ഹാര്‍വിന്‍ അപകടത്തില്‍പ്പെട്ടത്.
കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ കരയ്‌ക്ക് കയറ്റുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.