ലണ്ടന്‍: മാര്‍ക്കറ്റില്‍ ഒരു കോഴിമുട്ടയുടെ വില എത്രയാണ്? അഞ്ച് രൂപയോ അല്ലെങ്കില്‍ പത്ത് രൂപയോ മാത്രം. എന്നാല്‍ ആയിരങ്ങള്‍ വിലയുള്ള ഒരു കോഴി മുട്ട ലേലത്തിന് വച്ചിരിക്കുകയാണ് യുകെ സ്വദേശിനിയായ അനബെല്‍. വിശ്വസിക്കാന്‍ അല്‌പം ബുദ്ധിമുട്ടുണ്ടെങ്കിലും വിശ്വസിച്ചെ പറ്റൂ
പക്ഷിമൃഗാദികളോട് ഏറെ സ്‌നേഹമുള്ളതുകൊണ്ട് തന്നെ വര്‍ഷങ്ങളായി തെരുവുകളിലൂടെ അലയുന്ന കോഴികളെ സംരക്ഷിക്കുന്നയാളാണ് അനബെല്‍. അങ്ങനെ കുറെ നാളുകള്‍ക്ക് മുമ്പ് അനബെലിന്‍റെ അടുത്ത് എത്തിയ ഒരു കോഴി സാധാരണയുള്ളവയില്‍ നിന്നും വളരെ വ്യത്യസ്‌തമാണെന്ന് അവള്‍ക്ക് തോന്നി. അനബെല്ലയുമായി കൂടുതല്‍ ഇണങ്ങിയ കോഴിക്ക് ട്വിന്‍സ്‌കി എന്ന് പേരിട്ടു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ട്വിന്‍സ്‌കി ഒരു മുട്ടയിട്ടു. എന്നാല്‍ ട്വിന്‍സ്‌കിയുടെ മുട്ടയ്‌ക്ക് എന്തോ പ്രത്യേകതയുള്ളത് പോലെ അനബെല്ലക്ക് തോന്നി. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് മുട്ടയുടെ ആകൃതി അവളുടെ ശ്രദ്ധയില്‍പ്പെട്ടത്.
സാധാരണ കാണുന്ന കോഴിമുട്ട ഓവല്‍ ആകൃതിയിലാണെങ്കില്‍ ട്വിന്‍സ്‌കിയുടെ മുട്ട ഉരുണ്ടതായിരുന്നു. ഇത് കണ്ടതോടെ അനബെല്ലക്ക് അത്ഭുതമായി. ഇതിനെ കുറിച്ച് നിരവധി ആളുകളോട് സംസാരിച്ചു. എന്നാല്‍ അവര്‍ക്കെല്ലാം ഇത് അത്ഭുതമായി തോന്നി.
മുട്ടയെ കുറിച്ചറിയാന്‍ അനബെല്ല ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു. ഗൂഗിളില്‍ നിന്ന് ലഭിച്ച മറുപടി അവളെ വീണ്ടും ഞെട്ടിച്ചു. ഒരു ബില്യണ്‍ മുട്ടയുണ്ടെങ്കില്‍ അതില്‍ ഒന്ന് മാത്രമെ ഉരുണ്ട ആകൃതിയിലുണ്ടാകുകയുള്ളൂ. അത്രയും അപൂര്‍വമായ സംഭവമാണ് ട്വിന്‍സ്‌കിയുടെ മുട്ട. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ കമ്പനിയില്‍ അനബെല്ല 48,000 രൂപക്ക് മുട്ട ലേലത്തിന് വെച്ചു.
വ്യത്യസ്‌തമായ മുട്ട സ്വന്തമാക്കാന്‍ നിരവധി ആളുകള്‍ താത്‌പര്യവുമായി എത്തുന്നുണ്ട്. മുട്ട ലേലം ചെയ്‌ത് ലഭിക്കുന്ന പണം കൊണ്ട് തെരുവുകളിലൂടെ ഇത്തരത്തില്‍ അലയുന്ന ജീവജാലങ്ങളെ കൂടുതല്‍ സംരക്ഷിക്കണമെന്നാണ് അനബെല്ലയുടെ ആഗ്രഹം. നിരവധി കോഴികളെ താന്‍ സംരക്ഷിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് ട്വിന്‍സ്‌കി. അവളെപ്പോഴും തന്‍റെ കൂടെ തന്നെ ഉണ്ടാവുമെന്നും അതുക്കൊണ്ട് തന്നെ ചിലപ്പോള്‍ അവളെ ഞാന്‍ ലാബ്രഡോർ എന്നും വിളിക്കാറുണ്ടെന്ന് അനബെല്ല പറഞ്ഞു.