ന്യൂഡല്‍ഹി: തെലങ്കാന മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എട്‌ല രാജേന്ദർ ബിജെപിയിൽ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രാജേന്ദർ ബിജെപിയിലെത്തിയത്.
ഇതിന്‍റെ ഭാഗമായി ജൂണ്‍ 12ന് രാജേന്ദർ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ജൂണ്‍ നാലിന് ടിആര്‍എസ് അംഗത്വവും രാജേന്ദർ ഉപേക്ഷിച്ചിരുന്നു.
also read: നോവവാക്‌സ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; സിറം ഇൻസ്റ്റിറ്റ്യൂട്ടും നിർമിക്കും
ഹുസൂറാബാദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്. താന്‍ ടിആർഎസ് പാർട്ടിയുടെ അടിമയല്ലെന്നായിരുന്നു രാജേന്ദർ പറഞ്ഞത്.
"എന്നെ പലതവണ അപമാനിച്ചിട്ടുണ്ട്. ഞാൻ തെലങ്കാനയിലെ നേതാവാണ്, ടിആർഎസ് പാർട്ടിയുടെ അടിമയല്ല." രാജേന്ദർ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച അദ്ദേഹം സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.