ന്യൂഡല്‍ഹി: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം വൈ ഇക്ബാൽ അന്തരിച്ചു. 70 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 2012 ഡിസംബർ മുതൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഇക്ബാൽ 2016 ഫെബ്രുവരിയിൽ ആണ് വിരമിച്ചത്. മുന്‍പ് 2010 ജൂണില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എച്ച് എല്‍ ഗോഖലെയ്ക്ക് പകരമാണ് എം വൈ ഇക്ബാലിനെ നിയമിച്ചത്. 1996ല്‍ പട്ന ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുകയും, 2000 നവംബറിൽ ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് മാറുകയും ചെയ്തു.
Also Read: പ്രധാനമന്ത്രിയുടെ അധികാരമെല്ലാം ഉപയോഗിച്ചായാലും കൊവിഡിനെ നേരിടണം: രാഹുല്‍ ഗാന്ധി
1951 ജനുവരി 13നാണ് എം വൈ ഇക്ബാൽ ജനിച്ചത്. റാഞ്ചി സർവകലാശാലയിൽ നിന്ന് ബി എസ്സിയും, 1974ല്‍ എല്‍എല്‍ബിയില്‍ സ്വര്‍ണ മെഡലോടെ ബിരുദവും നേടി. 1975 ൽ സിവിൽ കോടതിയിൽ കരിയർ പ്രാക്ടീസ് ആരംഭിക്കുകയും സിവിൽ വിഭാഗത്തില്‍ സ്പെഷലൈസ് ചെയ്യുകയും ചെയ്തു. 1990 ൽ ഗവൺമെന്‍റ് പ്ലീഡറായി നിയമിതനായ അദ്ദേഹം പിന്നീട് 1993ൽ പട്ന ഹൈക്കോടതിയിലെ റാഞ്ചി ബെഞ്ചിൽ സർക്കാർ അഭിഭാഷകനായി നിയമിക്കപ്പെട്ടു.