ന്യൂഡല്‍ഹി : ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി റദ്ദാക്കി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെയുടേതാണ് വിധി.
2019 ജൂലൈയിലാണ് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. റായ് ബലേറിയില്‍ വച്ച് അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സെൻഗാറും മറ്റ് 12 പേരുമാണ് അപകടത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗാറിന് കേസില്‍ പങ്കില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹി സിബിഐ കോടതിയും നേരത്തെ സെന്‍ഗാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Also read: ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 2019 ഡിസംബർ 20ന് തീസ് ഹസാരി കോടതി സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 2020 മാര്‍ച്ച് നാലിന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സെന്‍ഗാറിനും മറ്റ് ആറ് പേര്‍ക്കുമെതിരെ ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു. അതേസമയം, തീസ് ഹസാരി കോടതിയുടെ വിധിക്കെതിരെ സെൻഗാർ ഡൽഹി ഹൈക്കോടതിയിൽ അപ്പീല്‍ നൽകിയിട്ടുണ്ട്.