ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ സോളി സൊറാബ്‌ജി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം എന്നിവ സംരക്ഷിക്കാവുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് 2002ൽ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചിരുന്നു. 1989-90 കാലഘട്ടത്തിലും 1998-2004 കാലഘട്ടങ്ങളിലുമാണ് അദ്ദേഹം അറ്റോണി ജനറലായി സേവനമനുഷ്‌ഠിച്ചത്.
1930ൽ ബോംബെയിലാണ് സോളി ജെഹാംഗീർ സൊറാബ്‌ജി ജനിച്ചത്. 1953ൽ ബോംബെ ഹൈക്കോടതിയിൽ നിന്ന് നിയമ പരിശീലനം ആരംഭിച്ചു. തുടർന്ന് 1971ലാണ് അദ്ദേഹം സുപ്രീം കോടതിയിലെ സീനിയർ കൗൺസിൽ അംഗമാകുന്നത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലപാടുകൾ സ്വീകരിച്ച അഭിഭാഷകനായിരുന്നു സോളി സൊറാബ്‌ജി. 1997ൽ നൈജീരിയയിലെ പ്രത്യേക റിപ്പോർട്ടറായി യുഎൻ അദ്ദേഹത്തെ നിയമിച്ചിരുന്നു.