ഹൈദരാബാദ്: തെലങ്കാനയിലെ അറക്കു ലോക്‌സഭാ മണ്ഡലത്തിലെ മുന്‍ എംപി കോതാപള്ളി ഗീതയ്ക്ക് ഹൈദരാബാദ് സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലാണ് ശിക്ഷ . 2021 ഫെബ്രുവരി 17നാണ് കോതാപള്ളി ഗീതയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരു കമ്പനിയുടെ പേരില്‍ ഗീത 50 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്‌പയെടുക്കുകയായിരുന്നു. എന്നാല്‍ ഈ വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് പരാതി കൊടുക്കുകയായിരുന്നു. ഗീതയുടെ ഭര്‍ത്താവ് രാമകൊട്ടേശ്വര റാവുവിനെയും കേസില്‍ കുറ്റക്കാരനാണെന്ന് കണ്ട് കോടതി അഞ്ച് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിട്ടുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥരായ ബി കെ ജയപ്രകാശന്‍, കെ കെ അരവിന്ദാക്ഷന്‍ എന്നിവരേയും കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഗീതയെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റി. അതേസമയം ഗീതയുടെ അഭിഭാഷകര്‍ തെലങ്കാന ഹൈക്കോടതിയില്‍ അവര്‍ക്കായി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലാണ് അറക്കു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഗീത എംപിയായി 2014ല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ 2018ല്‍ ജനജാഗ്രിതി എന്ന രാഷ്‌ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. ഈ പാര്‍ട്ടി പിന്നീട് ബിജെപിയില്‍ ലയിക്കുകയായിരുന്നു.