സിലിഗുരി (പശ്ചിമ ബംഗാള്‍): ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച രണ്ടു വിദേശ പൗരന്മാര്‍ പിടിയില്‍. ന്യൂസിലന്‍ഡ് സ്വദേശിയും ബംഗ്ളാദേശ് സ്വദേശിയുമായ രണ്ട് വിദേശ പൗരന്മാരാണ് ഇന്ന് പുലര്‍ച്ചെ ഇന്തോ നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
സിലിഗുരിയോട് ചോര്‍ന്ന ഖരിബാരി ബ്ലോക്കിലെ ഇന്തോ -നേപ്പാള്‍ അതിര്‍ത്തിയായ പനിതങ്കിയില്‍ വച്ചാണ് ന്യൂസിലന്‍ഡ് സ്വദേശിയായ ആന്‍ഡ്രു ജെയിംസിനെ അതിര്‍ത്തി സുരക്ഷ സേന പിടികൂടുന്നത്. എസ്‌എസ്‌ബിയുടെ എട്ടാം ബെറ്റാലിയനിലുള്ള ജവാന്മാരാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല ഇയാളില്‍ നിന്ന് നിരവധി ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സുകളും പൊലീസ് കണ്ടെടുത്തു.
ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് ബംഗ്ലാദേശ് സ്വദേശിയായ മൊഹമ്മദ് നൂറുല്‍ ഇസ്‌ലാമിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. ഇരുവരെയും ബന്ധിപ്പിക്കുന്നതിനും വ്യാജ രേഖകള്‍ നിര്‍മിക്കുന്നതിനുമായി സഹായിച്ച മൂന്നാമതൊരാളോ അല്ലെങ്കില്‍ ഒരു സംഘടനയോ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്‌റ്റിലായ രണ്ടുപേരെയും ഖരിബാരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഇന്നുതന്നെ സിലിഗുരി സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പ് ഇവര്‍ എങ്ങനെയാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചതെന്നുള്ള കാര്യത്തില്‍ അതിര്‍ത്തി സുരക്ഷ സേനയും ഭരണകൂടവും ആശങ്കയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.