ശ്രീനഗർ:വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ തങ്ദാർ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. നുഴഞ്ഞുകയറ്റക്കാർ ഉപേക്ഷിച്ച ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരും കശ്മീർ പൊലീസും ചേർന്നാണ് നുഴഞ്ഞുക്കയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
ആയുധങ്ങൾ പിടിച്ചെടുത്തു
"കുപ്വാര പൊലീസ് ഏഴ് ആർആർ ഉദ്യോഗസ്ഥർ 87 ബിഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർ ഓപ്പേറഷനിൽ പങ്കെടുത്തു. നുഴഞ്ഞുകയറ്റക്കാർ ഉപേക്ഷിച്ച നിരവധി ആയുധങ്ങളും, തോക്കുകളും, മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്" കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
പിടിച്ചെടുത്ത ആയുധങ്ങളിൽ ഒരു എകെ 47നും, ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും ഉൾപ്പെടുന്നു. 30 കോടി രൂപയുടെ വിപണി മൂല്യമുള്ള ആറ് പാക്കറ്റ് ഹെറോയിൻ മരുന്നുകളും കണ്ടെടുത്തു. അതേസമയം, ജമ്മു കശ്മീരിലെ ഷോപിയാനിലെ ഹഞ്ചിപോറ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.
ബിക്കാനീർ മയക്കുമരുന്ന് കേസ്
രാജസ്ഥാനിലെ ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 300 കോടി രൂപയുടെ 56 കിലോ ഹെറോയിൻ ജൂൺ മൂന്ന് സുരക്ഷ സേന പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് പൈപ്പുകളിലൂടെ കടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഹെറോയിൻ പിടിച്ചെടുത്തത്. അതേസമയം, ഈ കേസിലെ പ്രധാന പ്രതിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.
ലാഹോറിലെ പ്രശസ്ത കള്ളക്കടത്തുകാരൻ മാലിക് ചൗധരിയാണ് ഈ ദൗത്യത്തിന് പിന്നിലെന്ന് പിടിയിലായ സംഘം വെളിപ്പെടുത്തിയെന്ന് ജോദ്പൂർ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
Also Read: ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബിഎസ്‌എഫ് തടഞ്ഞു
ജസ്വീർ സിങ് എവിടെ?
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീഗംഗനഗർ സ്വദേശികളായ മൂന്ന് പേരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബ് ഹോഷിയാർപൂർ സ്വദേശിയായ ജസ്വീർ സിങിന് ഈ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നിർദേശപ്രകാരമാണ് ഹെറോയിൻ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നയുടനെ ജസ്വീർ സിങ് കുടുംബത്തോടൊപ്പം ഗ്രാമത്തിൽ നിന്ന് ഒളിവിൽ പോയി.