ബെംഗളൂരു: ജീവിതത്തില്‍ വിശപ്പിനോളം വലിയൊരു പ്രശ്‌നം മറ്റൊന്നില്ല മനുഷ്യര്‍ക്ക്. വയറു നിറയ്ക്കാന്‍ വേണ്ടി ചിലര്‍ കഠിനാധ്വാനം ചെയ്യുന്നു. മറ്റു ചിലരാകട്ടെ യാചിക്കാനിറങ്ങുന്നു. അങ്ങനെ നിരവധി മാർഗങ്ങളാണ് വിശപ്പ് ശമിപ്പിക്കാനായി മനുഷ്യൻ കണ്ടെത്തുന്നത്.
ഈ അടുത്ത കാലത്തായി നഗരങ്ങളില്‍ യാചകരുടെ എണ്ണം വർധിച്ചു വരികയാണ്. ഉപജീവന മാര്‍ഗത്തിന് കഴിവുള്ളവർ പോലും ഇന്ന് യാചിക്കാനായി ഇറങ്ങുന്നു. അതിനാൽ പലപ്പോഴും ശാരീരിക വൈകല്യമുള്ളവരും തൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കാത്തവരുമായ യാചകരില്‍ പലരും പട്ടിണിയിലാകുന്നു. ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനായി പുത്തന്‍ ആശയവുമായി കടന്നു വന്നിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ബലഗാവി നഗരത്തില്‍ പട്ടിണി നേരിടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു പദ്ധതിക്കാണ് ഇവർ രൂപം കൊടുത്തിരിക്കുന്നത്.
ബലഗാവി നഗരത്തിലെ ജനങ്ങളുടെ പട്ടിണി മാറുന്നതിനായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് എഞ്ചിനീയറായ ആര്‍.ബി മാലി. അതിനായി അദ്ദേഹം 20 യുവാക്കള്‍ അടങ്ങുന്ന ഡി.എഫ് ഫൗണ്ടേഷൻ രൂപീകരിച്ചു. ഒപ്പം യാചകര്‍ക്ക് സൗജന്യ ഭക്ഷണത്തിനുള്ള കാര്‍ഡുകളും വിതരണം ചെയ്തു. മാലിയുടെ ഈ സദ്‌പ്രവൃത്തിക്കൊപ്പം ചേർന്നിരിക്കുകയാണ് നഗരത്തിലെ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനും.
ഒരു എ.ടി.എം കാര്‍ഡു പോലെ തോന്നിക്കുന്ന ഡിയര്‍ഹുഡ് ഫുഡ് കാര്‍ഡ് നഗരത്തിലെ വിശക്കുന്ന മനുഷ്യര്‍ക്ക് ഇന്ന് ഒരാശ്രയമായി മാറിയിരിക്കുകയാണ്. ഈ കാർഡ് ഉപയോഗിച്ച് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കാൻ സാധിക്കും. 10 രൂപ വിലയുള്ള ഈ കാർഡ് തൊഴിൽ ചെയ്യാന്‍ സാധിക്കാത്ത വൃദ്ധർ, യാചകർ തുടങ്ങിയവർക്കാണ് നൽകുന്നത്. ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഹോട്ടലുകളില്‍ പോയി പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ കഴിക്കാം. ഈ കാര്‍ഡ് സ്വീകരിക്കുന്ന ഹോട്ടലുകളില്‍ വേണം പോയി ഭക്ഷണം കഴിക്കാൻ. ഹോട്ടലിൽ രണ്ട് ഡിയര്‍ഹുഡ് ഫുഡ് കാര്‍ഡ് ഒരുമിച്ച് നല്‍കിയാല്‍ അവര്‍ക്ക് ഉച്ചഭക്ഷണവും ലഭിക്കും.
ഈ കാര്‍ഡ് സംവിധാനത്തിലൂടെ ജനുവരി ആദ്യവാരം മുതല്‍ നഗരത്തിലെ ഹോട്ടലുകള്‍ പാവപ്പെട്ട മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങി. പ്രസ്തുത കാര്‍ഡ് സ്വീകരിക്കുന്ന ഹോട്ടലുകള്‍ തിരിച്ചറിയുന്നതിനായി ഒരു സ്‌റ്റിക്കർ ഹോട്ടലിന്‍റെ മുൻപിൽ ഒട്ടിച്ചിട്ടുണ്ടാകും. ഈ മനുഷ്യരുടെ സഹായത്തോടെ കുന്തനഗാരിയിലെ വിശക്കുന്ന മനുഷ്യര്‍ക്കും ഇപ്പോള്‍ ഭക്ഷണം ലഭിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ നഗരത്തിലെ യാചകര്‍ക്കും വൃദ്ധര്‍ക്കുമായി ഏതാണ്ട് ആയിരത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
2022 വരെ ക്ഷേത്രങ്ങൾ, റെയില്‍വെ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ തുടങ്ങിയവയ്‌ക്ക് സമീപം കഴിയുന്ന എല്ലാ യാചകര്‍ക്കും ഈ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം മാനസികാരോഗ്യം തകരാറിലായവരെയും അനാഥരെയും കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനും ഇവർ സഹായിക്കാറുണ്ട്. ബലഗാവി സിറ്റി കോർപ്പറേഷന്‍റെ കീഴിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്. നഗരത്തിൽ വിശപ്പ് നേരിടുന്നവർക്ക് ആശ്വസമായി മാറി തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയാണിന്ന് ഡി.എഫ് ഫൗണ്ടേഷൻ.