ഡൽഹി: ഉത്തരേന്ത്യയിൽ ഉടനീളം അതിതീക്ഷ്‌ണമായ തണുപ്പ് തുടരുന്നു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കാഴ്‌ച മറച്ച് കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഹരിയാന, രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലും പഞ്ചാബിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും വ്യാഴാഴ്‌ച രാവിലെ 5.30 വരെ മിതമായ മൂടൽമഞ്ഞ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷകേന്ദ്രം (IMD) റിപ്പോർട്ട് ചെയ്‌തു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് കിഴക്കൻ ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവടങ്ങളിലും ഡൽഹിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
ജനുവരി 18 മുതല്‍ 20 വരെ പഞ്ചാബിന്‍റെയും ഹരിയാനയുടേയും ചണ്ഡീഗഡിന്‍റേയും പല ഭാഗങ്ങളിലും രാത്രിയും രാവിലെയും മണിക്കൂറുകളോളം മൂടൽമഞ്ഞ് ഉണ്ടാകുമെന്നും ജനുവരി 21 നും 22 നും ഇടയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും തുടരുകയാണ്.
2 ഡിഗ്രി സെൽഷ്യസ് മാത്രമേ താപനില ഉയരുകയുള്ളുവെന്നും, അടുത്ത 24 മണിക്കൂറിനുള്ളിൽ ശൈത്യത്തില്‍ കുറവ് പ്രതീക്ഷിക്കേണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, കിഴക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ മധ്യപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ , പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളില്‍ കൊടും തണുപ്പും മൂടല്‍ മഞ്ഞിനെത്തിടര്‍ന്നുള്ള കാഴ്‌ചക്കുറവും ജന ജീവിതത്തെ ബാധിച്ചു.
അതിതീക്ഷ്‌ണ ശൈത്യം മൂലം രാജ്യത്തിന്‍റെ പലഭാഗത്തും 18 ലേറെ ട്രെയിനുകൾ വൈകി ഓടുന്നതായും റിപ്പോർട്ട് ഉണ്ട്. ഭുവനേശ്വർ - ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്, അംബേദ്ക്കർ - കാട്ര, മുസഫർപൂർ - അനന്തവിഹാർ എന്നീ ട്രെയിനുകൾ ഏകദേശം മൂന്ന് - മൂന്നേമുക്കാൽ മണിക്കൂർ വൈകി.
റെയിൽവേയുടെ റിപ്പോർട്ട് അനുസരിച്ച് പുരി - നിസ്സാമുദ്ദീൻ പുരുഷോത്തം എക്‌സ്പ്രസ് കനത്ത മൂടൽ മഞ്ഞ് കാരണം ആറ് മണിക്കൂർ ആണ് വൈകിയത്. അതുപോലെതന്നെ രേവ - അനന്ത് വിഹാർ എക്‌സ്പ്രസ് നാലര മണിക്കൂറും, അസംഗാർഹ് - ഡൽഹി ജംഗ്ഷന്‍ കൈഫിയത്ത് അഞ്ചര മണക്കൂറും വൈകി എന്നും റെയിൽവേ അറിയിച്ചു.
ഏകദേശം ഒൻപതിലധികം ട്രെയിനുകളാണ് മൂടൽമഞ്ഞ് മൂലം ഒന്ന് ഒന്നര മണിക്കൂർ വൈകിയോടുന്നത്. ജമ്മുതാവി - ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്, ബാംഗ്ലൂർ - നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്, പ്രതാപ്‌ഗാർഹ് എംഎൽഡിപി - ഡൽഹി, ഡെറാഡൂൺ - ഡൽഹി ജംഗ്ഷൻ, ചെന്നൈ - ന്യൂ ഡൽഹി എക്‌സ്പ്രസ്, ഫിറോസ്‌പൂർ - മുംബൈ എക്‌സ്പ്രസ്, അമൃത്സർ - മുംബൈ എക്‌സ്പ്രസ്, കാമാഖ്യ - ഡൽഹി ജംഗ്ഷൻ, ജമ്മുതാവി - അജ്‌മീര്‍ പൂജ എക്‌സ്പ്രസ്സ് എന്നിവ.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ട്രെയിനുകളും വിമാനങ്ങളും വൈകുന്നതിൽ മിക്കയിടത്തും ജനങ്ങൾ ബുദ്ധിമുട്ടി. മണിക്കൂറുകളോളം റെയിൽവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ റെയിൽവേ സ്‌റ്റേഷനുകളിൽ കിടന്ന് ഉറങ്ങുകയാണുണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് പല വിമാനങ്ങളും വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്‌തിരുന്നു.
കനത്ത മൂടൽമഞ്ഞ് കാരണമാണ് ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപ്പോർട്ടിൽ വിമാനങ്ങൾ വൈകുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് രാവിലെ 8 മണിയോടെ കാഴ്‌ച പരിധി 300 മീറ്റർ വരെയാണ് രേഖപ്പെടുത്തിയത്.
ALSO READ : ഡൽഹിയിൽ താപനില 4 ഡിഗ്രി ; മൂടൽമഞ്ഞുമൂലം 53 വിമാനങ്ങൾ റദ്ദാക്കി