ന്യൂഡൽഹി: പാവപ്പെട്ടവർ, ഇടത്തരക്കാർ, യുവാക്കൾ എന്നിവർക്ക് അടിസ്ഥാന സൗകര്യങ്ങൾ എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് ശേഷം അവസരങ്ങളേറെയുള്ള പുതിയ ലോകമാണ് ഉയർന്നുവരികയെന്നും അതിന്‍റെ സൂചനകൾ ഇപ്പോൾ തന്നെ ദൃശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി സംഘടിപ്പിച്ച 'ആത്മനിർഭർ അർത്ഥവ്യവസ്ഥ' പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യം സ്വയംപര്യാപ്‌തമാകേണ്ടതിന്‍റെ അനിവാര്യതക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. ലോകം ഇന്ത്യയെ വീക്ഷിക്കുന്ന രീതിയിൽ വലിയ മാറ്റമാണ് വരാനിരിക്കുന്നതെന്നും നമ്മൾ രാജ്യത്തെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും ഇതിനായി വിവിധ മേഖലകളെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മോദി പറഞ്ഞു. ആത്മനിർഭർ ഭാരത് മോഡലിലാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതെന്നും രാഷ്‌ട്രീയ ഭിന്നത മാറ്റിനിർത്തി എല്ലാ വിഭാഗവും ബജറ്റിനെ സ്വാഗതം ചെയ്‌തെന്നും മോദി പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് നല്ലതല്ല. അതിർത്തിയിൽ ഗ്രാമങ്ങൾ വികസിപ്പിക്കാൻ ബജറ്റിൽ വ്യവസ്ഥകളുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി കൈക്കൊണ്ട തീരുമാനങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തുടർച്ചയായി വിപുലപ്പെടുത്തുന്നുണ്ടെന്നും മോദി പറഞ്ഞു. എട്ട് വർഷങ്ങൾക്ക് മുമ്പ് ജിഡിപി 1.10 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇന്ന് ജിഡിപി 2.3 ലക്ഷം കോടിക്ക് അരികെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രതീക്ഷകളും നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതാണ് ബജറ്റ്. 'കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ നിക്ഷേപം, കൂടുതൽ വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ' എന്നിങ്ങനെയാണ് ബജറ്റെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
READ MORE: 'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്': പ്രധാനമന്ത്രി