ഗുവാഹത്തി : സംസ്ഥാനത്ത് അനുഭവപ്പെട്ട കനത്ത മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും 11 ജില്ലകളിലെ 243 ഗ്രാമങ്ങളിലായി 1.33 ലക്ഷത്തിലധികം പേർ ദുരിതത്തില്‍. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ബിശ്വനാഥ്, ബോങ്കൈഗാവ്, ചിരാങ്, ധേമാജി, ദിബ്രുഗാർഹ്, ജോർഹട്ട്, ലഖിംപൂർ, മാജുലി, ശിവസാഗർ, സോനിത്പൂർ, ടിൻസുകിയ എന്നീ ജില്ലകളെയാണ് മഴയും ബ്രഹ്മപുത്ര നദി കരകവിഞ്ഞതും സൃഷ്ടിച്ച പ്രളയം മുക്കിയത്.
ബോങ്കൈഗാവ്, ചിരാങ്, ധേമാജി ജില്ലകളിൽ നിന്നായി 160ലേറെ പേരെ വള്ളങ്ങളിൽ ഒഴിപ്പിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഏജൻസി വെള്ളിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.
സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. പ്രളയത്തെ തുടർന്ന് ബക്സ, ബിശ്വനാഥ്, ബോങ്കൈഗാവ്, ചിരാങ്, ഗോൽപാറ, കച്ചാർ, ജോർഹട്ട്, കൊക്രജർ, മജുലി, മോറിഗാവ്, നൽബരി, സോനിത്പൂർ, ടിൻസുകിയ എന്നിവിടങ്ങളിൽ വൻതോതിൽ മണ്ണൊലിപ്പുമുണ്ടായി.