ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം സങ്കീർണമായി തുടരുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. 125 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 5424 വില്ലേജുകൾ പ്രളയബാധിത പ്രദേശങ്ങളാണെന്നാണ് റിപ്പോർട്ട്.
എഎസ്‌ഡിഎംഎയുടെ കണക്കുകൾ പ്രകാരം 47,72,140 പേരെയാണ് പ്രളയം ബാധിച്ചത്. പ്രളയത്തിൽ ഇതുവരെ 73 പേർക്കാണ് ജീവൻ നഷ്‌ടമായത്. തിങ്കളാഴ്‌ച (20.06.2022) മരിച്ചവരുടെ എണ്ണം 11 ആയി.
33,84,326 മൃഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. 5232 മൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. 1,13,485.37 ഹെക്‌ടർ കൃഷി ഭൂമിയാണ് പ്രളയത്തിൽ നശിച്ചത്.
പ്രളയബാധിത പ്രദേശങ്ങളിൽ 1425 ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ഉടനീളമുള്ള ക്യാമ്പുകളിൽ 2,31,819 പേർ അഭയം പ്രാപിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഇന്ത്യൻ ആർമി, അഗ്നിശമന സേന തുടങ്ങിയവർ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കപിലി, ബ്രഹ്മപുത്ര, പുത്തിമാരി, പഗ്ലാഡിയ, ബേക്കി ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് അപകടനിലയെക്കാൾ മുകളിലാണ്. ഏറ്റവും ഉയർന്ന ജലനിരപ്പ് കപിലി നദിയിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തിങ്കളാഴ്‌ച(20.06.2022) പ്രളയബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.
പ്രളയബാധിതർക്ക് മതിയായ സഹായം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. രക്ഷാ സേനയ്‌ക്കോ ദുരിതാശ്വാസ ബോട്ടുകൾക്കോ എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഹെലികോപ്‌റ്റർ വഴി ദുരിതാശ്വാസ വിതരണം നടത്താൻ മുഖ്യമന്ത്രി ശർമ ഉത്തരവിട്ടു.
Also read: അസമിൽ പ്രളയം ഗുരുതരമായി തുടരുന്നു; മരണസംഖ്യ 73 ആയി ഉയർന്നു