ഗുവാഹത്തി : അസമില്‍ മഴക്കെടുതിയിലും മണ്ണിടിച്ചിലിലും വ്യാപക നാശം. 24 മണിക്കൂറിനിടെ 26 ജില്ലകളിലായി 1089 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വലിയ തോതില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. എട്ട് പേര്‍ക്കാണ് ഇതുവരെ പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായത്.
സര്‍ക്കാറിന്‍റെ കണക്ക്പ്രകാരം നാല് ലക്ഷം പേരെയാണ് ഇതുവരെ മഴക്കെടുതി ബാധിച്ചത്. പ്രളയത്തില്‍ അകപ്പെട്ട 300 പേരെ ഇതുവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിട്ടുണ്ട്. ദുരന്ത നിവാരണ സേനയും കരസേനയും പൊലീസും അഗ്നി ശമന സേനയും അടക്കമുള്ള സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യാഴാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും. അസമിന്‍റെ അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ മൊത്തം 4,03,352 പേർ വെള്ളപ്പൊക്ക ബാധിതരായെന്നും എഎസ്‌ഡിഎംഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ 32944.53 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 89 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.
പ്രളയ ബാധിത ജില്ലകളിലെ 12 നദികളിലും ജലനിരപ്പ് ഉയരുകയാണ്. ദിമ ഹസാവോ ജില്ലയിൽ വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പലയിടത്തും റെയിൽവേ ലൈനുകളിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ദൗതോഹാജ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട സിൽചാർ ഗുവാഹത്തി എക്‌സ്‌പ്രസ് ട്രെയിൻ പാളത്തില്‍ നിന്നും തെന്നിമാറി. ദിമ ഹസാവോ ജില്ലയിൽ മണ്ണിടിച്ചിലിൽ നാല് വയസുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു.
Also Read: അസം വെള്ളപ്പൊക്കം : മരിച്ചവരുടെ എണ്ണം അഞ്ചായി, 2 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു
ന്യൂ ഹാഫ്‌ലോങ് റെയിൽവേ സ്റ്റേഷൻ മണ്ണിനടിയിലായി. ദിമാ ഹസാവോ ജില്ലയിലെ റെയിൽ പാളങ്ങള്‍ തകര്‍ന്നതിനാല്‍ ദക്ഷിണ അസം ജില്ലക്കും ബരാക് താഴ്‌വരയ്ക്കും ഇടയിലുള്ള ട്രെയിന്‍ ബന്ധം നിലച്ചു. ദിമാ ഹസാവോ ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയ 2800 ഓളം റെയിൽവേ യാത്രക്കാരെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (എൻഎഫ്ആർ) ഒഴിപ്പിച്ചിരുന്നു.
ദിമാ ഹസാവോ ജില്ലയിലെ ഹിൽ സെക്ഷനിലൂടെ കടന്നുപോകുന്ന സിൽച്ചാർ, ഗുവാഹത്തി, അഗർത്തല എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ മെയ് 16 മുതൽ മെയ് 22 വരെ റദ്ദാക്കി. 29 ട്രെയിനുകളാണ് എൻഎഫ്ആർ അധികൃതർ ഇതുവരെ റദ്ദാക്കിയത്. ട്രാക്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. ദേശീയ ദുരന്ത രക്ഷാ സേനയും (എൻഡിആർഎഫ്) സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് സംസാരിച്ചിരുന്നുവെന്നും പ്രളയക്കെടുതി നേരിടാൻ ആവശ്യമായ എല്ലാ സഹായവും ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.