ന്യൂഡൽഹി: യമുന നദി കരകവിഞ്ഞൊഴുകിയതോടെ വടക്കന്‍ ഡല്‍ഹിയിലെ റിങ് റോഡില്‍ വെള്ളക്കെട്ടും ഗതാഗത തടസവും. 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ജലനിരപ്പാണ് യമുന നദിയിലുള്ളത്. 47 കിലോമീറ്റർ നീളമുള്ള ഔട്ടര്‍ റിങ് റോഡ് നഗരത്തെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന നിരത്താണ്. വെള്ളക്കെട്ടുള്ള മഹാത്മാഗാന്ധി മാർഗിലേയും ഔട്ടർ റിങ് റോഡിലൂടെയുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഡൽഹി പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
'യമുനയിലെ ജലനിരപ്പ് ഉയരുന്നതും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും കാരണം ചില റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അസൗകര്യങ്ങൾ ഒഴിവാക്കാൻ ദയവായി നിർദേശങ്ങൾ പാലിക്കുക.' - ഡൽഹി പൊലീസ് ട്വീറ്റിൽ കുറിച്ചു. മഹാത്മാഗാന്ധി മാർഗിൽ ഐപി ഫ്ലൈഓവറിനും ചാന്ദ്ഗി രാം അഖാരയ്ക്കും ഇടയിലുള്ള ഭാഗവും കാളിഘട്ട് മന്ദിറിനും ഡൽഹി സെക്രട്ടേറിയറ്റിനും ഇടയിലുള്ള ഭാഗവും വെള്ളത്തിനടിയിലായി. വസീറാബാദ് പാലത്തിനും ചാന്ദ്ഗി റാം അഖാരയ്ക്കും ഇടയിലുള്ള ഔട്ടർ റൈറ്റ് റോഡിൽ ഗതാഗതം തടസപ്പെട്ടതായി ഡൽഹി ട്രാഫിക് പൊലീസ് (ഡിടിപി) അറിയിച്ചു.
ബുധനാഴ്‌ച (ജൂലൈ 12) മജ്‌നു കാ തിലയ്ക്കും വസീറാബാദിനും ഇടയിലുള്ള റോഡ് ഉൾപ്പെടെ തിരക്കേറിയ റിങ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റിങ് റോഡിലെ മൂന്ന് സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. - മോണസ്‌ട്രി മാർക്കറ്റിനും ഐഎസ്‌ബിടി കശ്‌മീർ ഗേറ്റിനും ഇടയിൽ, ലോഹ പുൾ, മജ്‌നു കാ തിലയ്ക്കും വസീറാബാദിനും ഇടയിലുള്ള ഭാഗം എന്നി മേഖലയിലാണ് വെളളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളത്.
യമുന നദി കരകവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കാൻ ജലസേചന വകുപ്പും ദുരന്ത നിവാരണ സേനയും ചേർന്ന് മണൽ ചാക്കുകൾ ഇട്ടിട്ടുണ്ട്. പിഡബ്ല്യുഡി സംഘങ്ങൾ മൊബൈൽ പമ്പുകൾ ഉപയോഗിച്ച് റോഡുകളിലെ വെള്ളം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
ചാന്ദ്ഗി റാം അഖാഡയ്ക്കും കശ്‌മീരി ഗേറ്റിനും ഇടയിലുള്ള ഗതാഗതത്തെയും വെള്ളക്കെട്ട് സാരമായി ബാധിച്ചു. ഭൈറോൺ മാർഗ് ടി - പോയിന്‍റും വെള്ളത്തിനടിയിലായതോടെ പൊതുമരാമത്ത് വകുപ്പ് വെള്ളം പമ്പ് ചെയത് ഒഴിവാക്കുകയാണ്. രാജ്ഘട്ട് റോഡിന്‍റെ ഒരു ഭാഗത്ത് വെള്ളക്കെട്ടുണ്ടായതും ഗതാഗതക്കുരുക്കിന് കാരണമായി.
ഐടിഒയിൽ നിന്ന് നോയിഡയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഗൂഗിൾ മാപ്പ് 'അതിരൂക്ഷമായ വെള്ളപ്പൊക്ക മുന്നറിയിപ്പ്' നൽകിയിരുന്നു. റിങ് റോഡിന്‍റെ ചില ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് (ഡിടിപി) ജനങ്ങളോട് നിർദേശിച്ചു. 'യമുന നദിയിൽ കര കവിഞ്ഞൊഴുകുന്നതിനാൽ മോണസ്‌ട്രിക്കും ഐഎസ്ബിടിക്കും ഇടയിലുള്ള റിങ് റോഡിൽ കശ്‌മീരി ഗേറ്റിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചു. ദയവു ചെയ്‌ത് ഈ മേഖലയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക'. ഡൽഹി ട്രാഫിക് പൊലീസ് ട്വീറ്റിൽ കുറിച്ചു.
ഇന്ന് രാവിലെ രാവിലെ ആറിന് യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയായ 208.41 മീറ്ററായിരുന്നു. 1978ലെ 207.49 മീറ്റര്‍ എന്ന മുന്‍ റെക്കോഡാണ് മറികടന്നത്. ജലനിരപ്പ് ഉയർന്നതോടെ നിരവധി പേരാണ് വീടുകളൊഴിയുന്നത്.