ബെംഗളൂരു : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കര്‍ണാടക രാഷ്‌ട്രീയത്തിലും നിര്‍ണായകമാകും. ഗുജറാത്തിനൊപ്പം, ദക്ഷിണേന്ത്യയിലെ ബിജെപി ഭരിയ്ക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടക ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ നിയമസഭയുടെ കാലാവധി 2023 മെയ് 24നാണ് ഔദ്യോഗികമായി അവസാനിക്കേണ്ടത്.
ഹിജാബ് വിവാദത്തിന്‍റെ ചൂടാറും മുന്‍പ് ഇത് വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ബൊമ്മൈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് ചില നേതാക്കള്‍ അവകാശപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും മികച്ച പ്രകടനം കാഴ്‌ചവച്ചതിനാല്‍ ഇത് കര്‍ണാടകയിലും ആവര്‍ത്തിയ്ക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
വോട്ട് വിഹിതം മെച്ചപ്പെട്ടു
പഞ്ചാബില്‍ ഒഴികെ നാല് സംസ്ഥാനങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വിഹിതം മെച്ചപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ സജീവമായിരുന്നു. കർണാടകയിലും ബിജെപി സമാന തെരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കാനാണ് സാധ്യത. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ പ്രകടനം ദയനീയമാണ്. അത് കർണാടകയിലും പ്രതിഫലിച്ചേക്കാം.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ബസവരാജ് സോമപ്പ ബൊമ്മെയെ മാറ്റാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ബൊമ്മെയുടെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നുമാണ് വിവരം.
ബൊമ്മെയെ മാറ്റാന്‍ ആലോചന
ഉപതെരഞ്ഞെടുപ്പുകളിലും ബസവരാജ് ബൊമ്മെയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഹനഗൽ താലൂക്ക് ഉൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും പരാജയം നേരിട്ടതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്‌തിയുണ്ട്. മുഖ്യമന്ത്രിയോട് മന്ത്രിമാര്‍ക്കും എംഎൽഎമാര്‍ക്കുമുള്ള നീരസം ശക്തമായിട്ടുണ്ടെന്നും വിവരമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരു യുവ മുഖത്തെ തെരഞ്ഞെടുത്തേയ്ക്കുമെന്നും പഞ്ചമശാലി ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളായിരിയ്ക്കുമെന്നുമാണ് അടുത്ത വൃത്തങ്ങൾ നല്‍കുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ദലിത് സ്ഥാനാര്‍ഥിയെ പരിഗണിക്കാനും സാധ്യതയുണ്ട്.
ഇതിനിടെ, കെഎസ് ഈശ്വരപ്പ, മുരുഗേഷ് നിരാനി, സിസി പാട്ടീൽ, പ്രഭു ചൗഹാൻ തുടങ്ങിയ മുതിർന്ന മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ പുനസംഘടനയെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. നിലവിലെ മന്ത്രിസഭയിൽ നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും കൂറുമാറിയവര്‍ ഉള്‍പ്പടെ നിരവധി എംഎല്‍എമാര്‍ മന്ത്രി പദവിയ്ക്കായി ശ്രമിയ്ക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കർണാടകയിലെ രാഷ്ട്രീയവും പ്രശ്‌നങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായതിനാൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലങ്ങളൊന്നും വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ പറയുന്നത്.
Also read: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ; കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ