സിർസി (കർണാടക): വിനോദയാത്രയ്‌ക്കിടെ, ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. കർണാടക സിർസിയിലെ ശാൽമല നദിയിൽ ഞായറാഴ്‌ചയാണ് ദാരുണസംഭവം. സിര്‍സി സ്വദേശികളായ മൗലാന അഹമ്മദ് സലീം ഖലീൽ (44), നാദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), മിസ്ബ തബാസും (21), നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത് (Five of family on picnic drowned).
അപകട വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചുപേരുടെയും മൃതദേഹങ്ങൾ രാത്രിയോടെ കണ്ടെത്തി. 25 പേരടങ്ങുന്ന സംഘം ഭൂതാനഗുണ്ടിയില്‍ വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു.
ഇവർക്കൊപ്പമുള്ള കുട്ടി കളിക്കുന്നതിനിടെ പുഴയിൽ വീണു. ഇതേ തുടര്‍ന്ന് മൗലാന അഹമ്മദ് ഉടൻ വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തി. പക്ഷേ ഇദ്ദേഹം പൊടുന്നനെ മുങ്ങിപ്പോയി. ഇദ്ദേഹത്തെ രക്ഷിക്കാന്‍ നാദിയ അടക്കം മൂന്ന് പേർ കൂടി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇതോടെ അഞ്ചുപേരും നിലകിട്ടാതെ മുങ്ങിമരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ALSO READ: ലിബിയൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞു: 61 പേർക്ക് ദാരുണാന്ത്യം
സംഭവത്തിൽ സിർസി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ശാൽമല നദീതീരം അപകട സാധ്യതയുള്ളതായതിനാല്‍ ആളുകൾ വെള്ളത്തിൽ ഇറങ്ങുന്നത് തടയാൻ മുന്നറിയിപ്പ് ബോര്‍ഡുകളടക്കം സ്ഥാപിച്ചിരുന്നു.
ALSO READ: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം