പട്ന: ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു. ബിഹാറിലെ സുപോളിലാണ് മൂന്നു കുട്ടികളും മാതാപിതാക്കളും അടങ്ങിയ കുടുംബം ആത്മഹത്യ ചെയ്തത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സുപോൾ ജില്ലയിലെ ഗഡ്ഡിയിൽ താമസിച്ചുവരികയായിരുന്ന മിശ്രിലാൽ സാഹയും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്.
ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ എസ്പി മനോജ് കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. കൽക്കരി വിറ്റും മറ്റുമാണ് ഇവർ ഉപജീവനം നടത്തിയതെന്നും സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പൊലീസ് അറിയിച്ചു. പൊലീസ് നിലവിൽ കേസ് അന്വേഷിച്ചു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.