ഇംഫാൽ : മണിപ്പൂരില്‍ കലാപകാരികളുടെ വെടിവെയ്‌പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്‌പി ജില്ലയിലെ ബി ഗംനോമിലാണ് സംഭവം. കലാപകാരികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഐജി ലുന്‍സെ കിപ്‌ഗെന്‍ പറഞ്ഞു.
അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് മൃതദേഹങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധിത സംഘടനയായ കുകി നാഷണല്‍ ലിബറല്‍ ആര്‍മിയിലെ രണ്ട് പേരെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിവെയ്‌പ്പിന് പിന്നാലെ പ്രദേശവാസികള്‍ ബി ഗാംനോം ഗ്രാമത്തില്‍ നിന്ന് സമീപ ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Also read: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍ ഈസ്റ്റ് പൊലീസ് കമാന്‍ഡോ സംഘം, സ്‌പെഷ്യല്‍ കമാന്‍ഡോ, തൗബല്‍ പൊലീസ് കമാന്‍ഡോ, ഐജി ലുന്‍സെ കിപ്ഗെന്‍റെ നേതൃത്വത്തിലുള്ള 16 അസം റൈഫിള്‍സ് സംഘം, ഡിഐജി തെംതിങ്, ഇംഫാല്‍ ഈസ്റ്റ് എസ്‌പി എന്‍ ഹെറോജിത്ത് എന്നിവര്‍ ബി ഗാംനോം ഗ്രാമത്തില്‍ എത്തി പരിശോധന നടത്തി.
ഒക്‌ടോബര്‍ 9ന് സുരക്ഷാസേനയും ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി ചേര്‍ന്ന് കാങ്പോക്‌പി ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ഒക്‌ടോബര്‍ 10ന് പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് വെടിവെയ്‌പ്പ് ആരംഭിയ്ക്കുകയായിരുന്നു. പരിശോധനയ്ക്കിടെ മണിപ്പൂരിലെ ഹിങോജങ്ക് ഗ്രാമത്തില്‍ നാല് കലാപകാരികളെ സുരക്ഷാസേന വധിച്ചിരുന്നു.