ഗാന്ധിനഗർ : ഗുജറാത്തിലെ രണ്ട് ഗ്രാമങ്ങളിൽ രണ്ട് ദിവസത്തിനിടെ നടന്ന അഞ്ച് മരണങ്ങളില്‍ ദുരൂഹത. ഖേദ ജില്ലയിലെ ബിലോദര, ബാഗ്‌ദു എന്നീ ഗ്രാമങ്ങളിലാണ് മരണങ്ങളുണ്ടായത് (Suspecious Deaths in Kheda). ആയുർവേദ ചുമ മരുന്ന് (കഫ് സിറപ്പ്) കഴിച്ചതാണ് ഈ മരണങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്‍റെ സംശയം (Five Deaths After Suspected Consumption Of Ayurvedic Syrup). മരിച്ച അഞ്ച് പേരിൽ മൂന്ന് പേര്‍ ചുമ മരുന്ന് കുടിച്ചതായി സംശയമുണ്ടെന്നും, മറ്റ് രണ്ട് പേരുടെ മരണകാരണം അന്വേഷിച്ചുവരികയാണെന്നും ഗുജറാത്ത് പൊലീസ് മേധാവി വികാസ് സഹായ് (Gujarat DGP Vikas Sahay) പറഞ്ഞു.
ഈ മരണങ്ങളില്‍ ഖേഡ എസ്‌പിയും, അഹമ്മദാബാദ് റൂറൽ റേഞ്ച് ഐജിയും, സ്റ്റേറ്റ് മോണിറ്ററിംഗ് സെല്ലും അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മൂന്ന് യുവാക്കൾ ആയുർവേദ കപ്പ് സിറപ്പ് കുടിച്ച് മരിച്ചതായാണ് കണ്ടെത്തിയത്. ഒരു ഗ്രാമവാസിയുടെ രക്തസാമ്പിൾ പരിശോധിച്ചതിൽ നിന്ന് അപകടകരമായ മീഥൈൽ ആൽക്കഹോൾ സിറപ്പിൽ ചേർത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ഖേഡ പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. അതേസമയം മറ്റ് രണ്ട് പേരുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്.
Also Read: കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു ; 13 പേര്‍ ആശുപത്രിയില്‍
മരണങ്ങൾക്ക് പിന്നാലെ ബിലോദര ഖേദയിലെ ഗ്രാമങ്ങളിൽ കഫ് സിറപ്പ് വിൽക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്ന് ഡിജിപി വികാസ് സഹായ് പറഞ്ഞു. അസവ അരിഷ്‌ടം എന്ന പേരിലുള്ള സിറപ്പ് ഖേദ ജില്ലയിലെ ബിലോദര ഗ്രാമത്തിലെ ഒരു കടയുടമ 50 ഓളം പേർക്ക് വിറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരുന്ന് വാങ്ങി കഴിച്ച എല്ലാവരെയും തിരിച്ചറിഞ്ഞ് ചോദ്യം ചെയ്‌തുവരികയാണെന്നും ഡിജിപി പറഞ്ഞു.
കിഷോർ എന്ന വ്യക്തിയാണ് ഗ്രാമങ്ങളിൽ ഈ ആയുർവേദ മരുന്ന് വിറ്റത്. ഇയാളെക്കൂടാതെ മരുന്ന് വിറ്റ കടയുടമ അടക്കം രണ്ട് പേരെ കൂടി അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരുന്ന് കഴിച്ച എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ ഒരാളുടെ ആരോഗ്യനില മാത്രം മോശമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മരണങ്ങൾക്ക് കാരണമായതായി പറയപ്പെടുന്ന ആയുർവേദ മരുന്ന് ഖേഡ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
Also Read: അനധികൃതമായി കഫ് സിറപ്പ് വില്‍പന; തെലങ്കാനയില്‍ ഒരാള്‍ അറസ്റ്റില്‍
ചില ആയുർവേദ ചുമ മരുന്നുകൾ ലഹരിയ്ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത കേരളത്തിലടക്കമുണ്ട്. ഗുജറാത്ത് മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാൽ ആളുകൾ ലഹരിക്കുവേണ്ടി ചുമ മരുന്ന് കഴിച്ചതാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ചില ആയുർവേദ മരുന്നുകളിൽ നിശ്ചിത അളവിൽ സ്വാഭാവിക ആൽക്കഹോൾ രൂപപ്പെടാം. ഇത് രോഗികൾ ഡോക്‌ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചുവരുന്നതാണ്. എന്നാൽ ലഹരിക്കുവേണ്ടി സ്‌പിരിറ്റ് പോലുള്ള വസ്‌തുക്കൾ കലർത്തി വിൽപന നടത്തുന്നുണ്ടോ എന്ന സംശയം ആരോഗ്യ വിദഗ്‌ധർ ഉന്നയിക്കുന്നു.