ഉഡുപ്പി : വള്ളത്തില്‍ നിന്ന് വീണ മത്സ്യത്തൊഴിലാളി 43 മണിക്കൂര്‍ അറബിക്കടലിനോട് പോരാടി ജീവിതത്തിലേക്ക് തിരികെ കയറി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുഗന്‍ (25)ആണ് 43 മണിക്കൂര്‍ അറബിക്കടലില്‍(Arabian sea) ഒഴുകി നടന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
തമിഴ്‌നാട്ടില്‍ നിന്നാണ് മുരുഗന്‍ ഉള്‍പ്പടെയുള്ള എട്ടംഗ സംഘം ഉള്‍ക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോയത്. ബുധനാഴ്ച രാത്രിയോടെ മൂത്രമൊഴിക്കാനായി വള്ളത്തിന്‍റെ ഏറ്റവും അരികിലേക്ക് പോയപ്പോഴാണ് കാല്‍വഴുതി കടലില്‍ വീണത്. മുരുഗന്‍ കടലില്‍ വീണത് ഒപ്പമുള്ളവരാരും അറിഞ്ഞില്ല. അറിഞ്ഞ് കഴിഞ്ഞപ്പോള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഈ മാസം പത്തിന് ഉള്‍ക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോയ ഗാങ്കോള്ളി സാഗറില്‍ നിന്നുള്ള സംഘമാണ് കടലില്‍ നീന്തി നടക്കുന്ന മുരുഗനെ കണ്ടത്. അയാള്‍ ഇവരെ കണ്ടതോടെ കൈ ഉയര്‍ത്തി സഹായത്തിന് അഭ്യര്‍ഥിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ സമീപത്തെത്തി തങ്ങളുടെ വള്ളത്തിലേക്ക് വലിച്ചിട്ടു. പ്രാഥമിക ശുശ്രൂഷകളും നല്‍കി. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തെ വിവരമറിയിച്ചു. കടലില്‍ വീണ് രണ്ട് ദിവസം കഴിഞ്ഞിട്ടും തങ്ങളുടെ കൂട്ടുകാരനെ ജീവനോടെ തിരിച്ച് കിട്ടിയതിന് ഇവര്‍ ദൈവത്തോട് നന്ദി പറയുന്നു.
രണ്ട് ദിവസത്തിന് ശേഷം മുരുഗന്‍ കടലില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ വിവരം സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പുറംലോകം അറിഞ്ഞത്. ഗാങ്കോള്ളിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മുരുഗനെ തമിഴ്‌നാട്ടിലെത്തിച്ചു. മൃതദേഹത്തിന് വേണ്ടി തെരച്ചില്‍ നടത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം ജീവനോടെ തങ്ങളുടെ കൂട്ടുകാരനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.