ബെംഗളൂരു : പണി പൂര്‍ത്തിയായ ബസുകളുമായി ബെംഗളൂരുവില്‍ നിന്ന് ചണ്ഡിഗഡിലേക്ക് ചരക്ക് തീവണ്ടി യാത്ര ആരംഭിച്ചു. ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഉപയോഗിക്കാന്‍ ആവശ്യമായ ബസുകളുമായി ട്രെയിന്‍ പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ വഴി ബസുകള്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
32 ബസ് വീതമുള്ള രണ്ട് ട്രെയിനുകള്‍ മെയ് 15, 20 തീയതികളിലാണ് പുറപ്പെട്ടത്. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ഡിഗഡിലേക്ക് എത്തുക. തമിഴ്‌നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിന്‍റെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.
300 ബസുകള്‍ നിര്‍മിക്കുന്നതിനായാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അശോക് ലെയ്‌ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. ഷിപ്പിംഗ് ചെലവ് കുറയ്‌ക്കുന്നതിനായാണ് ബസുകള്‍ ഗുഡ്‌സ് ട്രെയിനിന്‍ അയക്കാന്‍ തീരുമാനിച്ചത്. വാഹനത്തിന്‍റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ നഷ്‌ടപ്പെടാതിരിക്കാനായി സുരക്ഷ ഉദ്യോഗസ്ഥരേയും നിര്‍മാണ കമ്പനി ട്രെയിനുകളില്‍ വിന്യസിച്ചിട്ടുണ്ട്.
റെയില്‍പാതയിലെ വൈദ്യുതി ലൈനില്‍ തൊടാതിരിക്കാന്‍ ബസിന്‍റെ ടയറുകളിലെ വായു നീക്കം ചെയ്‌ത് ഉയരം കുറച്ചിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് ഗുഡ്‌സ് ട്രെയിനുകളില്‍ ഇരുചക്ര വാഹനങ്ങളും, ട്രാക്‌ടറുകളും കടത്തിയിട്ടുണ്ട്.