ലഖ്നോ : യു.പി നിയമസഭ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 57.79 ശതമാനമാണ് പോളിങ്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. പശ്ചിമ യുപിയിലെ ജാട്ടുകള്‍ക്ക് സ്വാധീനമുള്ള നിയോജക മണ്ഡലങ്ങള്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തിലധികം ഡല്‍ഹി അതിര്‍ത്തിയില്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളില്‍ വലിയൊരു വിഭാഗം ജാട്ട് വിഭാഗക്കാരും അണിനിരന്നിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണത്തെ ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പശ്ചിമ യുപിയിലെ ജാട്ടുകളുടെ പിന്തുണ വലിയൊരളവില്‍ ബിജെപിക്ക് ലഭിച്ചിരുന്നു. കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവന്നതിലെ അമര്‍ഷം ജാട്ടുകള്‍ക്ക് ഇപ്പോഴും തങ്ങളോട് ഉണ്ടോ എന്നുള്ള ചോദ്യം ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്.
623 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നത്. 2.27 കോടി വോട്ടര്‍മാര്‍ക്കാണ് ഒന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാന അവകാശമുള്ളത്. നോയിഡ, കെയിരാന, മീററ്റ് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞടുപ്പ് ഒന്നാംഘട്ടത്തില്‍ നിര്‍ണായകമാണ്.
ALSO READ: 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്‍റെ മകന്‍ പങ്കജ് സിങ്ങാണ് നോയിഡ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നോയിഡയില്‍ നിര്‍ത്തിയത് പങ്കൂരി പതക്കിനെയാണ്. പങ്കൂരി പതക്കിനുവേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധി ശക്തമായ പ്രചാരണമാണ് നടത്തിയത്. ക്രിപാരം ശര്‍മ ബിഎസ്‌പിയുടേയും, സുനില്‍ ചൗധരി എസ്‌പിയുടേയും ഈ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളാണ്.
മീററ്റ് മണ്ഡലത്തില്‍ ചൂടുപിടിച്ച തെരഞ്ഞെെടുപ്പ് പ്രചാരണമാണ് നടന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളും ഹിന്ദു അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് റഫീഖ് അന്‍സാരിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി ഉന്നയിച്ചിരുന്നു. കമല്‍ദത്ത് ശര്‍മയാണ് മീററ്റിലെ ബിജെപി സ്ഥാനാര്‍ഥി.
ഹിന്ദുക്കള്‍ കൈരാനയില്‍ നിന്നും പലായനം ചെയ്യുകയാണെന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമായിരുന്നു. മൃഗാങ്ക സിങ്ങാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. നഹീദ് ഹസാനാണ് എസ്‌പിയുടെ സ്ഥാനാര്‍ഥി. എസ്‌പിയും ബിജെപിയും തമ്മിലാണ് ഈ മണ്ഡലത്തില്‍ പ്രധാന പോരാട്ടം.
50,000 അര്‍ധസൈനികരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത്. യുപി അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.