ഹൈദരാബാദ് : വനത്തിലെ പൂക്കളും മരങ്ങളും മാത്രമല്ല, മൃഗങ്ങളെക്കുറിച്ചും, അവയുടെ പെരുമാറ്റം പോലും ഗോത്ര വിഭാഗത്തിലുള്ളവര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ടുതന്നെയാണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട സുനിത എന്ന പെണ്‍പുലി കാട്ടിലെ കടുവകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സധൈര്യം മുന്നോട്ടുവന്നത്. എന്തുകൊണ്ട് മൃഗങ്ങളെയും കാടുകളെയും സംരക്ഷിക്കണമെന്നതും ഇത്തരമൊരു ജോലി തെരഞ്ഞെടുക്കാനുള്ള കാരണവും ആദ്യ വനിത ടൈഗര്‍ ട്രാക്കറായ സുനിത ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഒരുകാലത്ത് മൃഗങ്ങളുടെ പിടിയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇന്ന് വേട്ടക്കാരുടെ കൈയ്യില്‍ നിന്നും അവശേഷിക്കുന്ന ഏതാനും കടുവകളെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനായി വേട്ടക്കാരുടെ കെണികളെക്കുറിച്ച് മാത്രമല്ല, കടുവകളുടെ ചലനങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ചെല്ലാം അറിയുന്ന ആളെന്ന നിലയില്‍ കടുവകളെ സംരക്ഷിക്കുവാനുള്ള ഉദ്യമത്തില്‍ കുമുരം ഭിം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുനിതയെയും പങ്കാളിയാക്കുകയായിരുന്നു.
മൃഗങ്ങളോടുള്ള സഹവര്‍ത്തിത്വം ഒരു പുതിയ കാര്യമല്ല : 'കുട്ടിക്കാലമൊക്കെയും ഞാന്‍ ചിലവഴിച്ചത് ഈ കൊടുംവനത്തിലാണ്. പെഞ്ചിക്കൽപേട്ട് മണ്ഡലത്തിന്റെ ഹൃദയഭാഗമാണ് ഗുണ്ടേപ്പള്ളി. കുഞ്ഞായിരിക്കുമ്പോള്‍ കാട്ടില്‍ നിന്നും നിരവധി മൃഗങ്ങള്‍ എന്‍റെ ഗ്രാമത്തില്‍ വരികയും പോവുകയും ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ച് മൃഗങ്ങളെ ഉപദ്രവിക്കാതെയുള്ള സഹവര്‍ത്തിത്വം പുതിയ കാര്യമല്ല' - സുനിത പറഞ്ഞു.
വര്‍ഷങ്ങളായുള്ള വേട്ടക്കാരുടെയും കള്ളക്കടത്തുകാരുടെയും ആക്രമണം കാടിന്‍റെയും കടുവകളുടെയും സുരക്ഷയെ സാരമായി തന്നെ ബാധിച്ചു. ഈ അവസരത്തിലാണ് 2015ല്‍ സിര്‍പൂര്‍ വനത്തില്‍ പെണ്‍പുലിയായ ഫാല്‍ഗുനിയുടെ കടന്നുവരവ്. ഫാല്‍ഗുനി എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പിന്നീട് വംശപരമ്പര വര്‍ധിച്ച് 12 എന്ന സംഖ്യയിലെത്തി.
ബെജ്ജൂർ, ദഹേഗാം, പെഞ്ചിക്കൽപേട്ട്, കഗസ്‌നഗർ മണ്ഡലങ്ങളിലാണ് ഇവ കറങ്ങിനടക്കുന്നത്. സുനിതയും സംഘവും അവ നേരിടുന്ന അപകടങ്ങള്‍ കണ്ടെത്തി അധികാരികളെ അറിയിക്കുകയും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ടൈഗര്‍ ട്രാക്കര്‍ എന്ന വലിയ ഉത്തരവാദിത്വം ഇങ്ങനെ: 'എനിക്ക് കുട്ടിക്കാലം മുതല്‍ തന്നെ കടുവകളോടും മറ്റ് മൃഗങ്ങളോടും എങ്ങനെ പെരുമാറണമെന്ന് അറിയാം. അതിനാല്‍ തന്നെയാണ് അധികാരികളില്‍ നിന്നും ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ കുടുംബത്തെ പറഞ്ഞുമനസിലാക്കിയ ശേഷം ടൈഗര്‍ ട്രാക്കര്‍ എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. ക്യാമറകളിൽ പതിഞ്ഞ കാൽപ്പാടുകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ കടുവ എവിടെ നിന്ന് വന്നു, എവിടേക്ക് പോയി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉന്നത അധികാരികളെ അറിയിക്കും' - സുനിത പറഞ്ഞു.
'കടുവകള്‍ക്ക് പുറമെ പുതിയ കൃഷിക്കായി കാട് വെട്ടിത്തെളിക്കുന്നവരെയും മരങ്ങൾ മുറിക്കാന്‍ എത്തുന്നവരെയും ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രദേശത്ത് തന്നെ അഞ്ച് ഗ്രാമങ്ങളില്‍ കടുവകള്‍ കന്നുകാലികളെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തന്നെ ആളുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുക, കന്നുകാലികളുടെ ഉടമകള്‍ക്ക് നഷ്‌ടപരിഹാരം വാങ്ങി നല്‍കുക തുടങ്ങിയ ഉത്തരവാദിത്വവും എന്‍റേതാണ്'.
'വേട്ടക്കാര്‍ വൈദ്യുതി വയറുകളുപയോഗിച്ച് മൃഗങ്ങള്‍ക്ക് ഷോക്ക് നല്‍കും. കെണികളും ഒരുക്കും. ഇതെല്ലാം കണ്ടെത്തി വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറണം'- ജോലി അനുഭവത്തെക്കുറിച്ച് സുനിത വ്യക്തമാക്കി.
കടുവകള്‍ക്ക് ഒരു പ്രത്യേക മണമുണ്ട് : 'പലപ്പോഴും ഞാന്‍ കടുവകളെ കാണാറുണ്ട്. അവയ്ക്ക് ഒരു പ്രത്യേക മണമുണ്ട്. അത് കണ്ടെത്താന്‍ എന്നെക്കൊണ്ട് സാധിക്കും'.
'ചെറുശബ്‌ദം പോലും ഉണ്ടാക്കി അവയെ ബുദ്ധിമുട്ടിക്കാതിരിക്കാനും എന്‍റെ സാന്നിധ്യം അറിയിക്കാതിരിക്കാനും ഞാന്‍ ശ്രദ്ധിക്കും. കടുവയുടെ കണ്ണുകള്‍ എന്‍റെമേല്‍ പതിച്ചാല്‍ കാല്‍പാദത്തിനടിയിലുള്ള ഇലകളെ ചവിട്ടിമെതിച്ചുണ്ടാകുന്ന ശബ്‌ദം പോലും കേള്‍പ്പിക്കാതെ ഞങ്ങള്‍ തിരിച്ചുപോകും'.
കാടിനെ രക്ഷിക്കാന്‍ നമുക്കേ കഴിയൂ : 'ഇങ്ങനെയുള്ള അവസരത്തില്‍ തിരിഞ്ഞോടാന്‍ നില്‍ക്കരുത്. അവയുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കി പതിയെ തിരിച്ചുനടക്കണം. എന്നോടൊപ്പം രണ്ട് ട്രാക്കര്‍മാര്‍ കൂടിയുണ്ട്. കടുവകള്‍ വളരെയടുത്ത് എത്തുകയാണെങ്കില്‍ ഞങ്ങള്‍ ശബ്‌ദമുണ്ടാക്കിയും വടികൊണ്ട് കൊട്ടിയും അവയെ ഓടിക്കും'.
'ഇപ്പോള്‍ വളരെ സമാധാനപരമായാണ് ഞാന്‍ ജോലി ചെയ്യുന്നത്. എന്‍റെ പ്രദേശത്തുള്ള ആളുകളും ബന്ധുക്കളുമെല്ലാം എന്നെ വിമര്‍ശിച്ചു. വനത്തിലേയ്‌ക്ക് പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തി. എന്നാല്‍, കടുവകളും കാടും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ ക്ഷമയോടെ ഞാന്‍ അവര്‍ക്ക് മനസിലാക്കി കൊടുത്തു. കാടിനെ രക്ഷിക്കാന്‍ നമുക്കേ കഴിയൂ'- സുനിത പറഞ്ഞു.