ന്യൂഡല്‍ഹി : ഗ്രേറ്റര്‍ നോയിഡയില്‍ ലിഫ്‌റ്റിനുള്ളില്‍ ആറുവയസുകാരന് നായയുടെ കടിയേറ്റ സംഭവത്തില്‍ ഉടമസ്ഥന് പിഴ ചുമത്തി അധികൃതര്‍. പ്രാദേശിക ആരോഗ്യ വിഭാഗത്തിന്‍റേതാണ് നടപടി. 10,000 രൂപയാണ് നായയുടെ ഉടമസ്ഥനായ കാര്‍ത്തിക് ഗാന്ധിയ്‌ക്ക് പിഴയായി ചുമത്തിയിരിക്കുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ ലാ റെസിഡന്‍ഷ്യ സൊസൈറ്റിയിലെ ടവര്‍ ഏഴില്‍ വച്ച് നവംബര്‍ 15നായിരുന്നു സംഭവം.ആറ് വയസുകാരനായ രുദ്രാഷ് സ്കൂളിലേക്ക് പോകാന്‍ അമ്മയുമായി ലിഫ്‌റ്റില്‍ നില്‍ക്കുമ്പോള്‍ അയല്‍വാസിയായ കാര്‍ത്തിക് തന്‍റെ വളര്‍ത്തുനായയുമായി ലിഫ്‌റ്റില്‍ കയറി. പൊടുന്നനെ നായ കുട്ടിയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.
ALSO READ: ആറ് വയസുകാരന് ലിഫ്റ്റിനുള്ളിൽ വച്ച് നായയുടെ കടിയേറ്റു
ഏഴ് ദിവസത്തിനുള്ളില്‍ പിഴ അടയ്‌ക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കടിയേല്‍ക്കുന്നത് ഗ്രേറ്റര്‍ നോയിഡയില്‍ നിത്യസംഭവമായി മാറിയതിനാല്‍ വളര്‍ത്തുനായ ആക്രമിച്ചാല്‍ ഉടമസ്ഥനില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കുക എന്ന മൃഗസംരക്ഷണ വകുപ്പിന്‍റെ പുതുക്കിയ നിയമ ഭേദഗതി പ്രകാരമുള്ള ആദ്യ നടപടിയാണിത്. വളര്‍ത്തുനായകളുടെ ആക്രമണം വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഇവയുടെ പരിപാലനം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ അടുത്തിടെ ഹരിയാന സര്‍ക്കാരും പുറപ്പെടുവിച്ചിരുന്നു.
വളര്‍ത്തുനായയെ പരിപാലിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലൈസന്‍സ് ആവശ്യമാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥന്‍ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.