ഹൈദരാബാദ്: ലോകത്തെ ഭീതിയിലാക്കിയ കൊവിഡ് 19 ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. കൊവിഡിന്‍റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് രോഗം സ്ഥാരീകരിച്ചത് 2020 ജനുവരി 30 ആണ്. അന്നാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിന് പുറത്ത് മാര്‍ച്ച് രണ്ടിന് ഡല്‍ഹിയിലും ഹൈദരാബാദിലും രോഗം സ്ഥിരീകരിച്ചു. മഹാമാരിക്കാലം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും സൃഷ്‌ടിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ 2020 മാര്‍ച്ച് 24 ന് രാജ്യവ്യാപകമായി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം ഒരു പരിധിവരെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചെങ്കിലും സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്തെ നടപടി ഏറെ വലച്ചു.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഇന്ത്യ. അതില്‍ ഏറ്റവുമധികം രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലും. ആദ്യ ഘട്ടത്തില്‍ കൊവിഡിനെ പിടിച്ചു കെട്ടിയ കേരളത്തില്‍ ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്. 72,392 പേരാണ് കേരളത്തില്‍ നിലവില്‍ ചികിത്സയിലുള്ളത്. എന്നാല്‍ കൊവിഡ് വാക്‌സിന് അനുമതി ലഭിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. 2021 ജനുവരി മൂന്നിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്. 16 ന് രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ഇതിനോടകം 2.3 ദശലക്ഷത്തിലധികെ ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പെടുത്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് ചൈനയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത് കൊറോണ വൈറസ് ഇതുവരെ ലോകത്ത് 12 ലക്ഷം പേരുടെ ജീവനെടുത്തെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ലോകത്താകെ അഞ്ച് കോടിയിലധികം ആളുകളെ രോഗം ബാധിച്ചു. കൊവിഡ് മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധമാണ് ലോകം തീര്‍ക്കുന്നത്.