ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന 12 വയസുള്ള കുട്ടിയാണ് മരിച്ചത്. രക്താര്‍ബുദവും ന്യുമോണിയയും ബാധിച്ച് എയിംസിലെ അത്യാഹിത വിഭാഗത്തിലായിരുന്നു.
നഴ്‌സിംഗ് സ്റ്റാഫ് മുതല്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എൻ 1. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്.
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. ചത്ത പക്ഷികൾ, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.
Also Read: കൊവിഡ് വ്യാപനത്തില്‍ ആശങ്ക; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകളില്ല