ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി എയർ ഇന്ത്യയുടെ ആദ്യവിമാനം റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് ശനിയാഴ്ച മുംബൈയിലേക്ക് തിരിച്ചു. റഷ്യൻ സൈനിക ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ 250ഓളം ഇന്ത്യക്കാരുമായാണ് എയർ ഇന്ത്യയുടെ AI1944 വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.55ന് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം AI1942, ഡൽഹിയിൽ നിന്ന് രാവിലെ 11.40ന് പുറപ്പെട്ടു. ഇത് ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ബുക്കാറസ്റ്റിൽ ഇറങ്ങും. തുടർന്ന് ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ പൗരരുമായി ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
റോഡ് മാർഗം യുക്രൈൻ-റൊമാനിയ അതിർത്തിയിലെത്തിയ ഇന്ത്യൻ പൗരരെ ബുക്കാറസ്റ്റിലേക്ക് എത്തിച്ചശേഷമാണ് ഇവിടെ നിന്നും ഇന്ത്യൻ സർക്കാരും എംബസിയും ചേർന്ന് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബുക്കാറസ്റ്റിലേക്കും ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് എയർ ഇന്ത്യ അറിയച്ചു. ഫെബ്രുവരി 24 മുതൽ യുക്രൈൻ വ്യോമാതിർത്തിയിലൂടെയുള്ള സിവിൽ എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.
ALSO READ:കടന്നു കയറാൻ റഷ്യ, പ്രതിരോധിച്ച് യുക്രൈൻ: വീഡിയോയുമായി തെരുവിലിറങ്ങി സെലൻസ്‌കി
വ്യോമാതിർത്തി അടയ്ക്കുന്നതിന് മുമ്പ്, ഫെബ്രുവരി 22ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് എയർ ഇന്ത്യ ഒരു വിമാന സർവീസ് നടത്തിയിരുന്നു. അതിൽ 240 ഇന്ത്യൻ പൗരരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നു. ഫെബ്രുവരി 24നും ഫെബ്രുവരി 26നും രണ്ട് വിമാന സർവീസുകൾ കൂടി പ്രവർത്തിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും റഷ്യൻ ആക്രമണം ആരംഭിച്ചതോടെ വ്യോമാതിർത്തി അടയ്‌ക്കുരകയായിരുന്നു. നിലവിൽ വിദ്യാർഥികളുൾപ്പെടെ ഏകദേശം 20,000 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതെന്ന് അധികൃതർ പറയുന്നു.