കൊല്‍ക്കത്ത : നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ചെക്ക് ഇന്‍ കൗണ്ടറിലാണ് അഗ്‌നിബാധയുണ്ടായത്. ആളപായമില്ല. തീപടര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അഗ്നിരക്ഷാസേനയുടെ എട്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണയ്‌ക്കുന്നത്. ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്‍റെ ഡി പോര്‍ട്ടലില്‍ ബുധനാഴ്‌ച രാത്രി 9.10ഓടെയായിരുന്നു അപകടം. സുരക്ഷാ പരിശോധനകള്‍ നടത്തുന്ന ഇടത്തിന്‍റെ ഒരു ഭാഗത്തും തീപിടിത്തമുണ്ടായി.
പുക പടര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ ഉടനടി സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേന നല്‍കുന്ന സൂചന. വിശദമായ അന്വേഷണത്തിന് ശേഷമേ തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.
ലോഞ്ചിന്‍റെ ഒരു വശത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പടരാന്‍ തുടങ്ങിയതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഗെയിറ്റ് നമ്പര്‍ 3 സിക്ക് സമീപമാണ് ആദ്യം തീപടര്‍ന്നതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം. അതിനുശേഷം മറ്റ് സ്ഥലങ്ങളിലേയ്‌ക്ക് തീ വ്യാപിക്കുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷ മാനിച്ച് വിമാനത്താവളത്തിന്‍റെ വിവിധ ഗെയിറ്റുകള്‍ അടച്ചു. ബിധാനഗര്‍ പൊലീസ് കമ്മിണര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. തീപിടിത്തെ തുടര്‍ന്ന് വിവിധ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.