പ്രയാഗ്‌രാജ് (യുപി) : ഉത്തർപ്രദേശില്‍ ഈദ് ആശംസിച്ച് 20 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്. വിശ്വ ഹിന്ദ് പരിഷത്ത് നേതാവ് ലാല്‍ മണി തിവാരിയാണ് ജൂസിയിലുള്ള ന്യായ നഗര്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡോ. ബുഷ്‌റ മുസ്‌തഫക്കെതിരെ കീട്‌ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബുഷ്‌റ മുസ്‌തഫ വിദ്യാര്‍ഥികളോട് പ്രത്യേക രീതിയില്‍ വസ്‌ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
മെയ് 2ന് വീഡിയോയ്ക്ക് വേണ്ടി ബുഷ്‌റ മുസ്‌തഫ ആണ്‍കുട്ടികളോട് കുര്‍ത്ത, തൊപ്പി എന്നിവയും പെണ്‍കുട്ടികളോട് സല്‍വാര്‍-കുര്‍ത്ത, ദുപ്പട്ട എന്നിവയും ധരിച്ച് സ്‌കൂളില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ ഹിന്ദു വിഭാഗത്തിന്‍റെ മതവികാരം വ്രണപ്പെടുത്താന്‍ അധ്യാപിക ബോധപൂര്‍വം ശ്രമിച്ചുവെന്നാണ് ആരോപണം. ഡോ. ബുഷ്‌റ മുസ്‌തഫ വർഗീയ ചിന്താഗതിയുള്ള മുസ്‌ലിം സ്‌ത്രീയാണെന്നും വിഎച്ച്പി നേതാവ് ആക്ഷേപിക്കുന്നുണ്ട്.
വീഡിയോ പാഠ്യേതര സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി : അതേസമയം, ഹോളിയും ദീപാവലിയും ഉള്‍പ്പടെയുള്ള മറ്റ് ആഘോഷങ്ങളെ പോലെ തന്നെ ഈദിനെ കുറിച്ചും വിദ്യാർഥികൾ അറിഞ്ഞിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാരണത്താൽ, ഓൺലൈൻ പാഠ്യേതര സര്‍ഗാത്മക പ്രവർത്തനങ്ങളുടെ ഭാഗമായി വീഡിയോ തയ്യാറാക്കി അയയ്ക്കാന്‍ വിദ്യാർഥികളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബുഷ്‌റ മുസ്‌തഫ വിശദീകരിച്ചു. 'എന്നാൽ ചിലരുടെ എതിർപ്പിനെത്തുടർന്ന്, വീഡിയോ നിർബന്ധമല്ലെന്ന് വിദ്യാര്‍ഥികളെ അറിയിച്ചു' - ബുഷ്‌റ മുസ്‌തഫ പറഞ്ഞു.
ചിലർ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണ്. സരസ്വതീവന്ദനം, ഗായത്രീമന്ത്രം എന്നിവയിലൂടെയാണ് സ്‌കൂളിലെ പ്രാർഥനകൾ ആരംഭിക്കുന്നത്. ജാതിയുടെയും മതത്തിന്‍റെ പേരിൽ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കാറില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ബുഷ്‌റ മുസ്‌തഫ വ്യക്തമാക്കി.