ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയുമായി ബന്ധപ്പെടുത്തി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ പോലീസിൽ പരാതി. ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്‌ണു ഗുപ്‌തയാണ് ഒവൈസിക്കെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്. ഒവൈസി മുസ്ലീം യുവാക്കളെ പ്രകോപിപ്പിക്കുകയാണെന്ന് വിഷ്‌ണു ഗുപ്‌ത പരാതിയില്‍ ആരോപിച്ചു.
പ്രകോപനപരമായ പ്രസ്‌താവനകൾ നടത്തി രാജ്യത്ത് വർഗീയ ചേരിതിരിവ് വളർത്താനാണ് ഒവൈസി ആഗ്രഹിക്കുന്നത്. ഒവൈസിയുടെ പ്രസ്‌താവന സോഷ്യൽ മീഡിയയിൽ വൈറലാകുകയാണെന്നും വിഷ്‌ണു ഗുപ്‌ത പരാതിയിൽ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയെ തുടർന്നാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. അതേസമയം തന്നെ മുസ്ലീം വിഭാഗത്തിന് പള്ളി പണിയാന്‍ പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട്. എന്നാൽ മുസ്ലീം സമുദായത്തിലെ യുവാക്കളെ ഒവൈസി പ്രകോപിപ്പിച്ചത് തെറ്റായ രീതിയിലാണ്. രണ്ട് ഒവൈസി സഹോദരന്മാരും രാജ്യത്ത് വർഗീയ സംഘർഷം പടര്‍ത്താന്‍ ആഗ്രഹിക്കുന്നതായും ഹിന്ദുസേന ആരോപിച്ചു.
ഹൈദരാബാദിലെ ഭവാനി നഗറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ഒവൈസി പ്രകോപനപരമായ പ്രസംഗം നടത്തിയത്. 500 വർഷമായി നമ്മള്‍ ഖുറാൻ-ഇ-കരീം പാരായണം ചെയ്‌തിരുന്ന അതേ പള്ളി ഇന്ന് നമ്മുടെ കയ്യിലില്ല., മുസ്ലീം യുവാക്കൾ സംഘടിച്ച് മസ്‌ജിദുകൾ സംരക്ഷിക്കണമെന്നായിരുന്നു ഒവൈസിയുടെ പ്രസംഗത്തിലെ ആവശ്യം.
ഒവൈസിയുടെ പ്രസംഗം ഇങ്ങനെ:
"ഞങ്ങൾക്ക് ഞങ്ങളുടെ പള്ളി നഷ്‌ടപ്പെട്ടു, അവിടെ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. യുവാക്കളേ, നിങ്ങളുടെ ഹൃദയത്തിൽ വേദനയില്ലേ? 500 വർഷമായി നമ്മൾ ഇരുന്ന് ഖുറാൻ-ഇ-കരീം പാരായണം ചെയ്‌ത സ്ഥലം ഇന്ന് നമ്മുടെ കയ്യിലില്ല. യുവാക്കളേ, ഡൽഹിയിലെ ഗോൾഡൻ മോസ്‌ക് ഉൾപ്പെടെ മൂന്ന്-നാല് പള്ളികളുടെ കാര്യത്തിൽ ഗൂഢാലോചന നടക്കുന്നത് നിങ്ങൾ കാണുന്നില്ലേ. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഇവർക്ക് നൽകുന്ന പിന്തുണ നീക്കം ചെയ്യുക. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്? കാരണം അവർക്ക് മില്ലി ഗീരാത്ത് നിർത്തലാക്കണം, മില്ലി ഹമിയാത്ത് നിർത്തലാക്കണം.
വർഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് നമ്മൾ ഇന്ന് കാണുന്ന സ്ഥാനം നേടിയെടുത്തത്. ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ മില്ലി ഹമിയത്ത് നിലനിർത്തുക, അതാണ് നിങ്ങളുടെ ശക്തി. നിങ്ങളുടെ മസ്‌ജിദുകൾ ജനവാസമുള്ളതാക്കുക. ഈ പള്ളികളും നമ്മിൽ നിന്ന് അപഹരിക്കപ്പെട്ടേക്കാം. ഇൻഷാ അല്ലാഹ്.. നാളത്തെ വൃദ്ധനാകാൻ പോകുന്ന ഇന്നത്തെ ഈ യുവാവ് തന്‍റെ കണ്ണുകളെ മുന്‍ നിർത്തി മനസ് ഏകാഗ്രമാക്കി, തന്നെയും കുടുംബത്തെയും നഗരത്തെയും പ്രദേശത്തെയും എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഐക്യം ഒരു ശക്തിയാണ്, ഐക്യം ഒരു അനുഗ്രഹമാണ്.”
Also Read: തെലങ്കാന നിയമസഭയില്‍ പ്രോ ടേം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്‌ത് അക്ബറുദ്ദീൻ ഒവൈസി