ന്യൂഡല്‍ഹി : യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്കിനെതിരെയുള്ള ഡല്‍ഹി പൊലീസിന്‍റെ എഫ്‌ഐആര്‍ പുറത്ത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി ന്യൂസ് ക്ലിക്ക് അഞ്ച് വര്‍ഷം ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്ന് എഫ്‌ഐആര്‍ ആരോപിക്കുന്നു. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനായാണ് പണം സ്വീകരിച്ചതെന്നാണ് എഫ്‌ഐആറില്‍ പൊലീസ് പറയുന്നത്(NewsClick UAPA Case).
ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്‌ത പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം (People's Alliance for Democracy and Secularism (PADS) പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം കണ്‍വീനര്‍ ബറ്റിനി റാവു, ചരിത്രകാരനായ ദിലീപ് സിമിയോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ ദീപക് ദോലാകിയ, എന്‍ജിഒ ഡയറക്‌ടര്‍ ജമാല്‍ കിദ്വായ്, മാധ്യമ പ്രവര്‍ത്തകനായ കിരണ്‍ ഷഹീന്‍ എന്നിവരുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുര്‍കയസ്‌ത ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രതിനിധിയായ നെവിന്‍ റോയ് സിങ്ങാണ് വിദേശ ഫണ്ടുകള്‍ ന്യൂസ് ക്ലിക്കിന് കൈമാറിയത്. പിഎംഎല്‍എ, ഫെമ എന്നീ നിയമങ്ങള്‍ ലംഘിച്ച് ഷവോമി, വിവോ തുടങ്ങി നിരവധി ചൈനീസ് ടെലികോം കമ്പനികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി വിദേശ ഫണ്ട് നിക്ഷേപിക്കുന്നുവെന്നും എഫ്‌ഐആറില്‍ പൊലീസ് അവകാശപ്പെടുന്നു. ചൈനയില്‍ നിന്നും ന്യൂസ് ക്ലിക്ക് കൈപ്പറ്റിയ ഫണ്ടുകള്‍ നിരവധി പേര്‍ക്ക് വിതരണം ചെയ്‌തിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം പറയുന്നത് (Prabir Purkayastha Case).
ആക്‌ടിവിസ്റ്റായ ടീസ്റ്റ സെതല്‍വാദ്, ഇവരുടെ ഭര്‍ത്താവും ആക്‌ടിവിസ്‌റ്റുമായ ജാവേദ് ആനന്ദ്, മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ആരാത്രിക ഹല്‍ദര്‍, പരഞ്ജോയ് തുടങ്ങി നിരവധി പേര്‍ ഫണ്ട് പങ്കിട്ടെന്നാണ് എഫ്‌ഐആര്‍. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടുവെന്ന കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഗൗതം നവ്‌ലാഖയുമായി ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്‌തയ്‌ക്ക് ബന്ധമുണ്ടെന്നും കൂടാതെ 2018 മുതല്‍ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഷെയര്‍ ഹോള്‍ഡര്‍ കൂടിയാണ് നവ്‌ലാഖയെന്നും എഫ്‌ഐആറിലുണ്ട് (NewsClick Prabir Purkayastha Case).
പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമ വിരുദ്ധമായി കോടികളുടെ ഫണ്ട് വിദേശത്ത് നിന്നും സ്വീകരിച്ചതായാണ് പൊലീസ് ആരോപിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വിവരങ്ങള്‍ ന്യൂസ് ക്ലിക്ക് പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ക്ലിക്കിലെ റെയ്‌ഡും അറസ്റ്റും : ഒക്‌ടോബര്‍ 3നാണ് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്‌ത അറസ്റ്റിലായത്. ഓഫിസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും നടത്തിയ അന്വേഷണ സംഘത്തിന്‍റെ റെയ്‌ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. പുര്‍കയസ്‌തയ്‌ക്ക് പുറമെ എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും പിടിയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് 46 പേരെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ 37 പേര്‍ പുരുഷന്മാരും 9 പേര്‍ സ്‌ത്രീകളുമാണ്. ന്യൂസ് ക്ലിക്ക് ഓഫിസുമായി ബന്ധമുള്ള 30 സ്ഥലങ്ങളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.