ന്യൂഡൽഹി: 2021 സെപ്റ്റംബർ 30 വരെ രാജ്യത്ത് ബാധകമാകുന്ന കൊവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ജിഎസ്‌ടി നിരക്ക് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇതിനുപുറമെ ശവസംസ്‌കാരത്തിനുള്ള വൈദ്യുതീകരണ ശ്‌മശാനങ്ങളുടെ നിർമാണ പ്രവർത്തികളുടെ അറ്റകുറ്റപ്പണിക്കൾക്കും കരാർ ജോലികൾക്കും 5 ശതമാനം കുറഞ്ഞ ജിഎസ്‌ടി ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 12 ശതമാനമായിരുന്നു മുമ്പത്തെ നികുതി നിരക്ക്.
ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ ജൂൺ 12ന് കൊവിഡ് മരുന്നുകളായ റെംഡെസിവിർ, ടോസിലിസുമാബ്, മെഡിക്കൽ ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, മറ്റ് കൊവിഡ് അവശ്യവസ്‌തുക്കൾ എന്നിവയുടെ നികുതി നിരക്ക് കുറച്ചിരുന്നു. ഹാൻഡ് സാനിറ്റൈസർ, പൾസ് ഓക്‌സിമീറ്ററുകൾ, ബൈപാപ്പ് മെഷീൻ, ടെസ്റ്റിംഗ് കിറ്റുകൾ, ആംബുലൻസുകൾ, താപനില പരിശോധന ഉപകരണങ്ങൾ എന്നിങ്ങനെ കൊവിഡുമായി ബന്ധപ്പെട്ട 18 വസ്‌തുക്കൾക്കുള്ള കുറഞ്ഞ നിരക്ക് ധനമന്ത്രാലയത്തിന്‍റെ റവന്യൂ വകുപ്പ് ജൂൺ 14 ന് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയായിരിക്കും ഇളവ് നിരക്കുകൾ ബാധകമാവുക.
Also Read: ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം
കൊവിഡ് മരുന്നായ ടോസിലിസുമാബ്, ബ്ലാക്ക് ഫംഗസ് മരുന്നായ ആംഫോട്ടെറിസിൻ ബി എന്നിവയുടെ ജിഎസ്‌ടി അഞ്ച് ശതമാനത്തിൽ നിന്നും പൂജ്യത്തിലേക്ക് കുറയ്ക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നു. കൂടാതെ, റെംഡെസിവിർ, ഹെപ്പാരിൻ പോലുള്ള ആന്‍റികോഗാലന്‍റുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു. 28 ശതമാനമായിരുന്ന ആംബുലൻസുകളുടെ നികുതി നിരക്ക് 12 ശതമാനമായാണ് കുറച്ചിരിക്കുന്നത്. മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ (വ്യക്തിഗത ഇറക്കുമതി ഉൾപ്പെടെ), വെന്‍റിലേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ, ഹൈ ഫ്ലോ നാസൽ കാൻയുല (എച്ച്എഫ്എൻസി) ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്.
കൂടാതെ, കൊവിഡ് ടെസ്റ്റിംഗ് കിറ്റുകൾ, പൾസ് ഓക്‌സിമീറ്ററുകൾ (വ്യക്തിഗത ഇറക്കുമതി ഉൾപ്പെടെ) എന്നിവയ്ക്കുള്ള നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസർ, ടെമ്പറേച്ചർ പരിശോധന ഉപകരണങ്ങൾ, ശ്‌മശാനങ്ങൾക്കുള്ള ഗ്യാസ് / ഇലക്ട്രിക് ചൂള എന്നിവയ്ക്കും നേരത്തെയുണ്ടായിരുന്ന നികുതിയായ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കും.