ഭോപ്പാൽ: മധ്യപ്രദേശിൽ അനധികൃത ഖനനത്തിനെതിരെ ഇൻഡോർ ജില്ലാ ഭരണകൂടം 5.9 കോടി രൂപ പിഴ ചുമത്തി. അഡീഷണൽ കലക്ടർ ഡോ. അഭയ് ബേടെക്കർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനിൽ പട്വാരിയുടെ മകൻ ചേതൻ പട്വാരിക്കും മുകേഷ് പട്വാരിയുടെ മകൻ കുനാൽ പട്വാരിക്കുമാണ് പിഴ ചുമത്തിയത്. അനധികൃത ഖനനത്തിനെതിരെ ധാതു വകുപ്പും റവന്യൂ വകുപ്പും നേരെത്തെ ഇവർക്കെതിരെ നടപടിയെടുത്തിരുന്നു.
ഇൻഡോറിലെ ബിജാൽപൂർ നിവാസികളാണ് ഇരുവരും. റാവു പ്രദേശത്ത് ഖനനം നിർത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കുനാൽ പട്വാരി കല്ലെറിയുകയും അനധികൃതമായി ഖനനം നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ ബന്ധുവും മുൻ മന്ത്രിയുമായ ജിതു പട്വാരിയുടെ നിയമസഭാ മണ്ഡലം കൂടിയാണ് ഖനന പ്രദേശമായ റാവു. കുനാലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ഖനനപ്രവർത്തനങ്ങൾ നടത്തിയത് കുനാലും ചേതനും ചേർന്നെന്ന് തെളിഞ്ഞതോടെ ഇവർക്കെതിരെ കലക്ടർ ശനിയാഴ്ച നടപടിയെടുക്കുയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട്, സംസ്ഥാന സർക്കാർ മിനറൽ ഓഫിസർ പ്രദീപ് ഖന്നയെ ഇൻഡോറിൽ നിന്ന് സ്ഥാനം മാറ്റി. കൂടാതെ, സെപ്റ്റംബർ ഒന്നിന് പ്രദീപ് ഖന്നയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു.